കെഎസ്ആർടിസി ബസ് നേരത്തേ പോകുന്നതും സ്വകാര്യബസുകളുടെ ഒറ്റ, ഇരട്ടയക്ക ക്രമീകരണവും യാത്രക്കാർക്ക് ദുരിതമായി.

കെഎസ്ആർടിസി ബസ് നേരത്തേ പോകുന്നതും സ്വകാര്യബസുകളുടെ ഒറ്റ, ഇരട്ടയക്ക ക്രമീകരണവും യാത്രക്കാർക്ക് ദുരിതമായി.
കോട്ടയം: ഗതാഗതവകുപ്പ് കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിർദ്ദേശിച്ച സ്വകാര്യബസ്സുകളുടെ ഒറ്റ, ഇരട്ടയക്ക നമ്പറുകൾ അനുസരിച്ചുള്ള സർവീസ്, പല ജനവാസ മേഖലകളിലെ യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. കെഎസ്ആർടിസി സർവീസ് ഇല്ലാത്തതും  ഉള്ളത് കൃത്യമായി സർവീസ് നടത്താത്തതുമായ പ്രദേശങ്ങളിലും ഈ പരിഷ്കരണം ബുദ്ധിമുട്ടുണ്ടാക്കുന്നു. ചില റൂട്ടുകളിൽ ഒറ്റയോ ഇരട്ടയോ അക്കങ്ങൾ മാത്രമുള്ളിടത്തും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ സർവീസ് നടത്താൻ കഴിയുന്നുള്ളൂ. പല റൂട്ടുകളിലും നിലവിൽ പെർമിറ്റ് ഉള്ള ബസുകളിൽ പകുതിയിൽ താഴെ മാത്രം ബസുകൾ സർവീസ് നടത്താൻ തയ്യാറാകുമ്പോഴാണ്, ഇത്തരം പ്രാവർത്തികമല്ലാത്ത നിർദ്ദേശങ്ങൾ അധികാരികൾ പുറപ്പെടുവിക്കുന്നത്. എന്നാൽ, ഈ നിർദ്ദേശം പാലിക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുമുണ്ട്. ഇന്ധനവില വർദ്ധനവും യാത്രക്കാർ കുറഞ്ഞതും സ്വകാര്യ ബസ് വ്യവസായത്തെ തളർത്തുമ്പോളും, സർവീസ് നടത്താൻ തയ്യാറാകുന്നവരെ പോലും പിന്നോട്ടടിക്കുന്ന തുഗ്ലക്ക് പരിഷ്കാരത്തെ തള്ളാനോ കൊള്ളാനോ ആഹ്വാനം ചെയ്യാനും ബസ് ഉടമാ സംഘടനകൾക്ക് ആവുന്നില്ല.
       കെഎസ്ആർടിസി ഒരു ബസ് മാത്രം സർവീസ് നടത്തുന്ന, തിരുവാർപ്പ്, പരിപ്പ്, ളാക്കാട്ടൂർ, നീറിക്കാട് പ്രദേശങ്ങളിൽ യാത്രാക്ലേശം രൂക്ഷമാണ്. ചില റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സമയ ക്ലിപ്തത പാലിക്കാത്തതും യാത്രക്കാർക്ക് വിനയാകുന്നു. ഇന്ന് രാവിലെ 9.15 പുറപ്പെടേണ്ട കെഎസ്ആർടിസി ബസ് 9.05 ന് പുറപ്പെട്ടത്, കലക്ട്രേറ്റ് ഭാഗത്തേക്കുള്ള നിരവധി യാത്രക്കാർക്ക് പരിപ്പ് - കോട്ടയം റൂട്ടിൽ ബസ് കിട്ടിയില്ല.
സ്വകാര്യ ബസ്സ് ജീവനക്കാരുടെ സമ്മർദ്ദത്തെത്തുടർന്ന്‌ ചില കെഎസ്ആർടിസി ബസുകൾ നേരത്തേ പോകാറുണ്ടെങ്കിലും, സ്വകാര്യ ബസുകൾ ഇല്ലാത്ത സമയത്തും സമയം പാലിക്കാൻ ജീവനക്കാർ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്.
       ഗ്രാമപ്രദേശങ്ങളിലേയ്ക്കുള്ള സർവീസുകളിൽ തദ്ദേശീയരായ ജീവനക്കാരെ നേരത്തേ നിയോഗിച്ചിരുന്നെങ്കിലും ലോക്ക് ഡൗണിന് ശേഷമുള്ള സർവീസുകളിൽ റൂട്ടിനെക്കുറിച്ചും ബസ് സ്റ്റോപ്പുകളെക്കുറിച്ച് പോലും അറിവില്ലാത്ത ജീവനക്കാരെത്തുന്നതും സ്ഥിരം ബസ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ആകുന്നു. 

Post a Comment

വളരെ പുതിയ വളരെ പഴയ