പിടിച്ചു നിൽക്കാനാകാതെ ചെറുകിട ക്ഷീരകർഷകർ.
കോട്ടയം: പശു പരിപാലത്തിനുള്ള ചെലവ് വലിയ തോതിൽ വർദ്ധിച്ച സാഹചര്യത്തിൽ പിടിച്ചു നിൽക്കാനാകതെ ചെറുകിട ക്ഷീരകർഷകർ ബുദ്ധിമുട്ടുകയാണെന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ലാ ചെയർമാൻ എബി ഐപ്പ് ആരോപിച്ചു. കാലിത്തീറ്റയുടെയും മരുന്നുകളുടെയും കാൽസ്യം പൊടികളുടെയും ടോണിക്കുകളുടെയും വില വലിയ തോതിൽ വർദ്ധിച്ചതാണ് കർഷകർക്ക് തിരിച്ചടിയായത്. രണ്ടായിരത്തി പത്തൊമ്പതിലാണ് അവസാനമായി പാലിന്റ വില സർക്കാർ വർദ്ധിപ്പിച്ചത്. അന്ന് ഒരു ചാക്ക് കാലി തീറ്റയ്ക്ക് ആയിരം രൂപ ആയിരുന്നത് ആയിരത്തി മുന്നൂറ്റി എൺപതായി വർദ്ധിച്ചു. ഒരു കിലോ പിണ്ണാക്കിന് 25 രൂപ ആയിരുന്നത് 65 രൂപ ആയി വർദ്ധിച്ചു. പത്തു രൂപായ്ക്ക് കിട്ടിക്കൊണ്ടിരുന്ന ചോളം 27 രൂപയായും 12 രൂപായ്ക്ക് കിട്ടിക്കൊണ്ടിരുന്ന ഗോതമ്പ് ഉമിയ്ക്ക് 25 രൂപയും വർദ്ധിച്ചു. മരുന്നുകൾക്ക് എല്ലാം മുപ്പതു ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വൈക്കോൽ ക്ഷാമം രൂക്ഷമായതോടെ ഒരു കെട്ട് പുല്ലിന്റ വില അറുപതു രൂപായിൽ എത്തി. ഒരു കെട്ട് പുല്ല് 15 കിലോയിൽ താഴെ മാത്രമാണ് തൂക്കം. കാൽസ്യം ടോണിക്കിന് ആയിരം രൂപായിൽ താഴെ ആയിരുന്നത് ആയിരത്തി അഞ്ഞൂറിന് മുകളിലായി. സംഘങ്ങളിൽ പല് അളക്കുന്ന കർഷകരിൽ ഭൂരിഭാഗത്തിനും 38 രൂപായിൽ താഴെ മാത്രമേ ലിറ്ററിന് ലഭിക്കുന്നുള്ളു. ഈ സാഹചര്യത്തിൽ പാലിന്റെ വില വർദ്ധിപ്പിക്കുന്നതിന് സർക്കാർ തയ്യാറാകാത്തത് ചെറുകിട ക്ഷീര കർഷകമേഘലയെ തകർക്കാനേ ഉപകരിക്കൂ. ഈ സാഹചര്യത്തിൽ പാലിന്റെ വില ലിറ്ററിന് അറുപതു രൂപ ആയി ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും എബി ഐപ്പ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ