മ‍ഞ്ജരിക്ക് മിന്ന് കെട്ട് - മലയാള പിന്നണി ഗായിക മഞ്ജരി വിവാഹിതയായി


ലയാള പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നടൻ സുരേഷ് ഗോപിയും ഭാര്യയും, ഗായകൻ ജി വേണുഗോപാലും ഭാര്യയും ചടങ്ങിന് പങ്കെടുത്തു. ഒപ്പം നടി പ്രിയങ്ക, സിദ്ധാര്‍ത്ഥ് ശിവ എന്നിവര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങിന് ക്ഷണമുണ്ടായത്. ചടങ്ങിന് ശേഷം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരമെന്ന് നേരത്തെ അറിയിച്ചിരുന്നു.




മാതാപിതാക്കള്‍ക്കൊപ്പം മസ്ക്കറ്റില്‍ ആയിരുന്നു മഞ്ജരിയുടെ കുട്ടിക്കാലം. പ്രാഥമിക വിദ്യാഭ്യാസം അവിടെ തന്നെ. മസ്ക്കറ്റില്‍ വച്ച് ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ. ഇന്നലെ രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി പങ്കുവച്ചത്.പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാ പ്രവാഹമായിരുന്നു.



2004 ല്‍ വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തില്‍ 'താനെ തമ്പുരു..' എന്ന ഗാനം പാടിക്കൊണ്ടാണ് മഞ്ജരി മലയാള സിനിമാ ഗാനശാഖയുടെ ഭാഗമാകുന്നത്. സത്യൻ അന്തിക്കാട് ചിത്രമായ 'അച്ചുവിന്‍റെ അമ്മ'യിലൂടെ ഇളയരാജയ്ക്കൊപ്പം ചെയ്ത ആദ്യ പാട്ട് 'താമരക്കുരുവിക്കു തട്ടമിട്...' മലയാളത്തിലെ ജനപ്രിയ ഗാനങ്ങളില്‍ ഒന്നാണ്. അരങ്ങേറ്റം മുതൽ, രമേഷ് നാരായണൻ, ഇളയരാജ, എം.ജി. രാധാകൃഷ്ണൻ, കൈതപ്രം വിശ്വനാഥൻ, വിദ്യാസാഗർ, എം. ജയചന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻ സിത്താര, പരേതരായ രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ എന്നിവർക്കൊപ്പം നിരവധി അനശ്വര ഗാനങ്ങള്‍ മഞ്ജരി പാടിയിട്ടുണ്ട്.




 ഇതിനകം അഞ്ചൂറിലധികം മലയാളം, തമിഴ്, തെലുങ്ക് സിനിമകളും നിരവധി ആൽബങ്ങളിലും മഞ്‍ജരി പാടിയിട്ടുണ്ട്.ഇടക്കാലത്ത് മലയാള സിനിമാ ഗാനത്തിന് ഇടവേള നല്‍കിയ മഞ്ജരി മറ്റ് ഗായകരില്‍ നിന്നും വ്യത്യസ്തയായി ഇതിനകം സംഗീതത്തിന്‍റെ മറ്റ് ഉപവിഭാഗങ്ങളിലും തന്‍റെ പ്രാഗദ്ഭ്യം തെളിയിച്ചിട്ടുണ്ട്. 2004 മുതൽ, "സൂര്യ"യുടെ ബാനറിൽ മഞ്ജരി ഇന്ത്യയിലും ലോകമെമ്പാടും ഹിന്ദുസ്ഥാനി ക്ലാസിക്കൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി ക്ലാസിക്കള്‍ പാടുമ്പോള്‍ തന്നെ മികച്ച ഗസൽ ഗായിക എന്ന നിലയിലും മഞ്ജരി ജനശ്രദ്ധ നേടി. 





Post a Comment

വളരെ പുതിയ വളരെ പഴയ