കെ റെയില്‍ സ്ഥലമേറ്റെടുപ്പ്: ദേഹത്ത് പെട്രോളൊഴിച്ച് കുടുംബത്തിന്റെ പ്രതിഷേധം.
കൊല്ലം: കെ റെയിൽ സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായി കല്ലിടുന്നതിനിടെ കൊല്ലത്ത് കുടുംബത്തിന്റെ പ്രതിഷേധം. ദേഹത്ത് പെട്രോൾ ഒഴിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ട. കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കയ്യിൽ ലൈറ്ററും കരുതിയിരുന്നു.
സ്ഥലമേറ്റെടുക്കുന്ന പക്ഷം ഈ കുടുംബത്തിന്റെ വീട് പൂർണ്ണമായും നഷ്ടപ്പെടും. ഇതിനെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ജയകുമാറും കുടുംബവും കടന്നത്. ജയകുമാറും ഭാര്യയും മകളും ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
അതേസമയം, സമീപത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് തൊട്ടുചേർന്ന സ്ഥലത്തും കെ റെയിൽ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടൽ നടന്നു. തുടർന്ന് ഈ വീട്ടിലെ വീട്ടമ്മയും പെൺകുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.
നേരത്തെ തന്നെ ചാത്തന്നൂരിലും മറ്റും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് റവന്യൂ അധികൃതർ രംഗത്തെത്തി പ്രതിഷേധം അവസാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ജനങ്ങൾ വഴങ്ങാൻ തയ്യാറായില്ല. ബി.ജെ.പി., കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ജനങ്ങൾക്ക് പിന്തുണയുമായി സ്ഥലത്തെത്തിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ