സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് മൈക്ക് അനൗണ്‍സ്‌മെന്റുകളോ പ്രകടനങ്ങളോ പാടില്ല.

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് മൈക്ക് അനൗണ്‍സ്‌മെന്റുകളോ പ്രകടനങ്ങളോ പാടില്ല.
തിരു.: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രതാ നിർദ്ദേശം. പ്രശ്ന സാധ്യതാ മേഖലകളിൽ സുരക്ഷ ശക്തമാക്കാൻ സംസ്ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തും.  വാഹനങ്ങളിൽ ആയുധങ്ങൾ കടത്തുണ്ടോയെന്ന് പരിശോധിക്കും.  
       അവധിയിലുളള പൊലീസുകാർ ഉടൻ ജോലിയിൽ പ്രവേശിക്കണം.  എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഓഫീസില്‍ ഉണ്ടായിരിക്കണം. നിരീക്ഷണം ശക്തമാക്കണം. മൂന്ന് ദിവസം മൈക്ക് അനൗൺസ്മെന്‍റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡി.ജി.പി നിർദ്ദേശിച്ചു.  വാഹനപരിശോധനയും അതിര്‍ത്തിയിലെ പരിശോധനയും കര്‍ശനമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
      ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ മുന്‍കരുതലിന്റെ ഭാഗമായാണ് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും പൊതു സമ്മേളനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൊതു സമ്മേളനങ്ങള്‍ക്കും മറ്റുമായി അനുമതി തേടി പൊലീസിനെയാണ് സമീപിക്കേണ്ടത്. അപേക്ഷകള്‍ വിശദമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. പ്രകോപനപരമായ പ്രസംഗങ്ങള്‍ ഉണ്ടാവുകയും അത് ആക്രമണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നടപടി.

Post a Comment

വളരെ പുതിയ വളരെ പഴയ