ക്ഷുദ്രജീവികളുടെ ആക്രമണത്തിൽ പൊറുതിമുട്ടി അപ്പർ കുട്ടനാട്ടിലെ കർഷകർ.
കോട്ടയം: ഉടുമ്പ്, നീർനായ, മരപ്പട്ടി എന്നീ ജീവികളുടെ ശല്യം മൂലം, കുമരകം, ആർപ്പുക്കര, വെച്ചൂർ, തലഴായം, കല്ലറ, നീണ്ടൂർ പ്രദേശത്ത കോഴി, മീൻ, താറാവ് വളർത്തൽ കർഷകർ വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇത്തരം ജീവികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിവളർത്തൽ ഈ പ്രദേശങ്ങളിലെ ഒരു പ്രധാന വരുമാനമാർഗ്ഗമായിരുന്നു. നെല്ലും അനുബന്ധ സാധനങ്ങളും ധാരാളം ഉള്ളതിനാൽ കോഴി വളർത്തൽ ചിലവില്ലാതെ വരുമാനം കിട്ടുന്ന ഒരു മാർഗ്ഗമായിരുന്നു. പ്രതിദിനം അമ്പതു മുട്ട വരെ കിട്ടിയിരുന്ന വീടുകൾ ഈ പ്രദേശങ്ങളിൽ സുലഭമായിരുന്നു. എന്നാൽ ഉടുമ്പിന്റെ ശല്യം വർദ്ധിച്ചതോടെ, കോഴി വളർത്തൽ പത്തു ശതമാനമായി കുറഞ്ഞിരിക്കുകയാണ്. നാടൻ കോഴികളുടെ കേന്ദ്രമായിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ ഇവയെ കാണാേനേയില്ല. താറാവു കർഷകർക്കും ഉടുമ്പിന്റ ശല്യം വലിയ തോതിൽ ബാധിക്കുനുണ്ട്. വെള്ളത്തിലൂടെ വന്ന് ഇവ താറാവും കുഞ്ഞുങ്ങളെ കടിച്ച് വലിച്ചു കൊണ്ടു പോകും. വലയിട്ടാൽ പോലും പ്രയോജനമില്ല. താറാവു മുട്ടയും ഇവ ഭക്ഷണമാക്കും നീർനായയുടെ ശല്യം, മീൻ കൃഷിയിൽ എർപ്പെട്ടിരിക്കുന്നവരെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. ഒരു നെല്ലും മീനും കൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ ഇവയുടെ ശല്യം അതിരൂക്ഷമാണ്. കൂട്ടമായി എത്തുന്ന ഇത്തരം ജീവികൾ, മനുഷ്യനെ അക്രമിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. കായലിലെ തനതു മൽസ്യങ്ങളുടെ വംശനാശത്തിനും ഇവ കാരണക്കാരാകുന്നു. മരപ്പട്ടിയുടെ ശല്യം വീടുകളിലാണ് കൂടുതൽ. രാത്രികാലങ്ങളിൽ പുരയുടെ മച്ചിൽ കൂടിയും പുരപ്പുറത്തു കൂടിയും ഇവയുടെ പാച്ചിൽ മൂലം നിരവധി ആളുകളാണ് ഉറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. തണ്ണീർത്തടങ്ങളോട് ചേർന്ന് കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളാണ് ഇവയുടെ വാസകേന്ദ്രം. പുത്തൻകായലിൽ കാടുപിടിച്ചു കിടക്കുന്ന 900 ഏക്കറോളം സ്ഥലം ഇവയുടെ പ്രധാന വാസ കേന്ദ്രങ്ങളിൽ ഒന്നാണ്. ഇത്തരത്തിൽ നിരവധി സ്ഥലങ്ങൾ മണ്ണിട്ട് നികത്തിയ ശേഷം മതിലു കെട്ടി തിരിച്ചിട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കാടു വളർന്നതോടെ ഇത്തരം ജീവികളുടെ വിഹാരകേന്ദ്രങ്ങളായി മാറി ഇരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉടുമ്പ്, നീർനായ് തുടങ്ങിയ ജീവികളെ ക്ഷുദ്രജീവികളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ