നെഞ്ചിൽത്തറച്ച ഇരുമ്പു ചീള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ആലപ്പുഴ: ജോലിക്കിടെ നെഞ്ചിൽ തറച്ച ഇരുമ്പു ചീള് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിലെ ഡോക്ടർമാർ. അത്യാസന്ന നിലയിലെത്തിച്ച ഗൃഹനാഥനെ മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്കു തിരികെ എത്തിച്ചു.
മണ്ണഞ്ചേരി സ്വദേശി മനോഹരനാ(64)നാണ് ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് ഡ്രിൽ ചെയ്യുന്നതിനിടെ നാലു സെൻറീ മീറ്റർ നീളം വരുന്ന ആണി രൂപത്തിലുള്ള ഇരുമ്പു ചീളു നെഞ്ചിൽ ആഴത്തിൽ തറച്ചത്. സ്ഥാപനത്തിൽ ഒപ്പമുണ്ടായിരുന്നവർ ചേർന്നു മനോഹരനെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ശ്വാസമെടുക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന മനോഹരനെ കാർഡിയോ തെറാസിക് സർജനും മേധാവിയുമായ ഡോ. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ഇരുമ്പു ചീള് ശ്വാസകോശത്തിൽ തറച്ചതായി കണ്ടെത്തി. ഉടൻ അടിയന്തര ശസ്ത്രക്രിയയ്‌ക്കു വിധേയനാക്കി ആണി പുറഞ്ഞെടുത്തു. തുടർന്ന് ആറു ദിവസം നീണ്ട പരിചരണവും കൂടിയായതോടെ മനോഹരൻ നിത്യ ജീവിതത്തിലേക്കു കടക്കാൻ ആശുപത്രിയുടെ പടികളിറങ്ങി.
സ്വകാര്യ ആശുപത്രികളിൽ മൂന്നു ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയയ്‌ക്ക് സർക്കാരിന്റെ ഇൻഷുറൻസ് സംവിധാനങ്ങൾ ലഭ്യമായപ്പോൾ 45,000 രൂപയിൽ താഴെയാണു വേണ്ടി വന്നത്.
ഡോ. രതീഷിനു പുറമെ കർഡിയോ തൊറാസിക് സർജറി വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർമാരായ ഡോ. ആനന്ദക്കുട്ടൻ, ഡോ. കെ. ടി. ബിജു, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. ബിബി, ഡോ. വിമൽ, നഴ്സുമാരായ വി. രാജി, എ. രാജലക്ഷ്മി, കാർഡിയോ തെറാസിക് സർജറി വിഭാഗം ടെക്നീഷ്യൻ ബിജു എന്നിവരുമുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ