താത്കാലിക പാലം സിമന്റ് ലോറി കയറി തകർന്നു.
ആലപ്പുഴ: എ.സി. റോഡിൽ നിർമ്മിച്ച താത്കാലിക പാലത്തിന്റെ ഒരു ഭാഗം സിമന്റ് ലോറി കയറി തകർന്നു. പൊങ്ങപ്പാലം പൊളിച്ചതിനു സമാന്തരമായി നിർമ്മിച്ച തെങ്ങും തടി പാലത്തിലാണ് ശനിയാഴ്ച സിമന്റു ലോറി കയറിയത്. തമിഴ്‌നാട്ടിൽ നിന്നു വന്ന ലോറി, ഗതാഗത നിയന്ത്രണത്തിനു നിന്നവരുടെ വിലക്കവഗണിച്ചു മുന്നോട്ടു പോകുകയായിരുന്നു. ഇന്ന് പുലർച്ചേ നാലു മണിയോടെയായിരുന്നു സംഭവം.
ചങ്ങനാശ്ശേരി പെരുന്ന ഭാഗത്തു നിന്നു ആലപ്പുഴ ഭാഗത്തേക്കു വന്നതായിരുന്നു ലോറി. പെരുന്നയിൽ വാഹനം തടഞ്ഞ്, പണി നടക്കുന്ന കാര്യം വിശദീകരിച്ചിരുന്നെന്നു റോഡ് നിർമ്മാണക്കരാർ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കൽ സൊസൈറ്റി അധികൃതർ പറഞ്ഞു. പിന്നീട്, പൊങ്ങയിലെത്തും മുമ്പ് രണ്ടിടത്തു കൂടി വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും മുന്നറിയിപ്പവഗണിച്ചു മുന്നോട്ടു പോകുകയായിരുന്നു. പുലർകാലമായിരുന്നതിനാൽ വാഹനം തടയാൻ വേണ്ടത്ര ആൾബലവും ഉണ്ടായിരുന്നില്ല. പൊങ്ങയിലെത്തി സമാന്തര പാതയിൽ പ്രവേശിച്ച് താത്കാലിക പാലത്തിലേക്കു ലോറി കയറിയപ്പോൾ തന്നെ ഭാരം കാരണം പാലത്തിന്റെ ഒരു ഭാഗം തകർന്നു. ഡ്രൈവറും സഹായിയും ലോറിയിലുണ്ടായിരുന്നു. വാഹനം പെട്ടെന്നു നിർത്തിയതിനാൽ വലിയ അപകടം ഉണ്ടായില്ല.
ഇതോടെ ഗതാഗതം പൂർണ്ണമായും നിലച്ചു. ചെറിയ വാഹനങ്ങൾക്കു പോലും പാലത്തിൽ കയറാൻ സാധിക്കാത്ത സ്ഥിതിയായി. പോലീസെത്തി വാഹനങ്ങൾ പൊങ്ങയ്ക്കു മുമ്പുള്ള കവല വഴി കൈനകരി ഭാഗത്തു കൂടി പൂപ്പള്ളിയിലേക്കു തിരിച്ചു വിട്ടാണു ഗതാഗത പ്രശ്നം ചെറിയ തോതിലെങ്കിലും പരിഹരിച്ചത്. സാധാരണ സഞ്ചരിക്കുന്നതിലും 7.5 കിലോമീറ്റർ വാഹനങ്ങൾക്ക് അധികം സഞ്ചരിക്കേണ്ടി വരുന്നുണ്ട്.
ലോറി കയറി തകർന്ന പാലത്തിന്റെ അറ്റകുറ്റപ്പണി ചെയ്ത് പാലം ഗതാഗത യോഗ്യമാക്കി. പകൽ ഇടയ്ക്കിടെ പെയ്ത ശക്തമായ മഴയാണ് പണി തടസ്സപ്പെടുത്തിയത്. പാലത്തിന്റെയടിയിൽ സ്ഥാപിച്ചിരിക്കുന്ന തെങ്ങും കുറ്റിക്ക് അപകടത്തിൽ കേടുപാടു സംഭവിച്ചിട്ടില്ല. മുകളിൽ വിരിച്ച പലകയാണു തകർന്നിരിക്കുന്നത്. ഇതു നീക്കി പുതിയ പലക സ്ഥാപിക്കുന്ന ജോലികളാണു നടക്കുന്നത്. നിർമ്മാണക്കമ്പനിയുടെ പരാതിയെത്തുടർന്ന് ലോറി പാലത്തിൽ നിന്നു നീക്കി നെടുമുടി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി. പിന്നീട് പരാതി ഒത്തു തീർപ്പാക്കിയതായി പോലീസ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ