ഒരിടവേളയ്ക്ക് ശേഷം, ജനങ്ങളെ ദുരിതത്തിലാക്കാൻ ഹർത്താൽ എന്ന ബന്ദ്.
ഈ മാസം 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി തീരുമാനിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യവും ഹനിക്കുന്ന ബന്ദ്.
പത്ത് മാസമായി ഇന്ത്യയിലെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ബിജെപി സർക്കാരിനെതിരെ രാജ്യം മുഴുവനായി ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്.
വ്യാപാരി സമൂഹവും ഹർത്താലിനോട് സഹകരിക്കണമെന്ന് സംയുക്തസമിതി അഭ്യർത്ഥിച്ചു. സാധാരണ പോലെ, പത്രം, പാൽ, ആംബുലൻസ്, മരുന്നു വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഹർത്താലനുകൂലികൾ പറയുന്നത്. അതേ സമയം, ഈ വാക്കുകൾ ജലരേഖയാണെന്ന് നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ പലതവണ തെളിയിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി എൽപ്പിച്ച ആഘാതം മാറാത്ത ഈ അവസ്ഥയിൽ, ഇഷ്ടമുള്ളിടത്ത് സഞ്ചരിക്കാനും തൊഴിൽ ചെയ്യാനുമാകാതെ, നിരവധി ദിവസങ്ങൾ വീട്ടിലിരുന്നു മടുത്ത ജനങ്ങൾക്ക് ഇത്തരം ഹർത്താൽ കലാപരിപാടികൾ ഭൂഷണമാണോയെന്ന് ചിന്തിക്കണം. ഒരു ചെറിയ വിഭാഗം, ജോലി ചെയ്യാതെ വീട്ടിലിരുന്ന് തിന്നു കൊഴുത്തപ്പോൾ, ഭൂരിപക്ഷവും കഷ്ടതയുടെ കയ്പുനീര് കുടിക്കുകയാണ്.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യവും ഹനിക്കുന്ന ഇത്തരം ബന്ദ് - ഹർത്താലുകൾ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതേ സമയം, നമ്മുടെ ഭാരതത്തിൽ ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. തൊഴിൽ ചെയ്യുന്നവരെയും അനുവദിക്കപ്പെട്ട ഇടങ്ങളിൽ സഞ്ചരിക്കുന്നവരേയും തടയാതിരിക്കുന്നതോടൊപ്പം, പ്രതിഷേധത്തിൻ്റെ ഭാഗമായി തൊഴിൽ ചെയ്യാതെയും യാത്ര ചെയ്യാതെയും പ്രതിഷേധ സമരത്തിൻ്റെ ഭാഗമാകാനും നമുക്ക് അവകാശമുണ്ട്. സഞ്ചാര, തൊഴിൽ സ്വാതന്ത്ര്യം തടയുന്ന നടപടികൾ ക്രിമിനൽ കുറ്റമായും വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ ഇത്തരം സമരങ്ങൾ ജനങ്ങളിലേയ്ക്ക് അടിച്ചേൽപ്പിക്കുകയാണ്. അത് മാറണം. അതിനായി രാഷ്ട്രീയഭേദമെന്യേ തീരുമാനങ്ങൾ ഉണ്ടാകുകയും, ആയത് പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തിയുള്ള നേതാക്കൻമാർ ഉണ്ടാകുകയും വേണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ