ഇന്ധനവില വർദ്ധനവ്; യുഡിഎഫ് കുടുംബ സത്യഗ്രഹം ഇന്ന്.

ഇന്ധനവില വർദ്ധനവ്; യുഡിഎഫ് കുടുംബ സത്യഗ്രഹം ഇന്ന്.


തിരു.: രാജ്യത്തെ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 102.89 രൂപയായി. ഡീസൽ വില 96.47 രൂപയായും കൂടി. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 101.01 രൂപയാണ്. ഡീസലിന് 94.71 രൂപയാണ്.

       കോഴിക്കോട് പെട്രോളിന് 101.46 രൂപയും. ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്ത് പത്തു ദിവസത്തിനുള്ളിൽ ഇത് ആറാം തവണയാണ് വില കൂട്ടുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ത്യയിൽ വില വർദ്ധനവ് തുടരുകയാണ്.

     അതേസമയം, ഇന്ധനവില വര്‍ദ്ധനവിനെതിരെയും പാചക വാതക വില വർദ്ധനവിന് എതിരെയും യുഡിഎഫ് ഇന്ന് കുടുംബ സത്യഗ്രഹം നടത്തും. രാവിലെ 10 മണി മുതല്‍ 11 മണി വരെ സ്വന്തം വീടുകളിലാണ് പ്രവർത്തകർ സമരം നടത്തുക. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എറണാകുളം പറവൂരിലെ വീട്ടിലും, കെ.പി.സി.സി.പ്രസിഡന്‍റ് കെ. സുധാകരന്‍ കണ്ണൂരിലെ വീട്ടിലുമായി സമരത്തിൽ പങ്കെടുക്കും. പി. കെ. കുഞ്ഞാലിക്കുട്ടി, സാദിഖ് അലി തങ്ങൾ എന്നിവർ മലപ്പുറത്തും ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വസതിയിലും മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂര്‍ക്കടയിലെ വീട്ടിലും ‌ചെന്നിത്തല ജഗതിയിലെ വീട്ടിലുമായി സമരത്തിൽ പങ്കെടുക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ