തലസ്ഥാനത്ത് വരാനിരിക്കുന്നത് 'കോവിഡ് ബൂം'; മുന്നറിയിപ്പ് നൽകി കേന്ദ്രം.
ന്യൂഡൽഹി: ജനുവരി 15നകം ഡൽഹിയിൽ പ്രതിദിനം 20,000 മുതൽ 25,000വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒമിക്രോൺ കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ രോഗികളുടെ വർദ്ധന ഉണ്ടായേക്കാമെന്നും സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. നിലവിലെ അണുബാധയുടെ തോതനുസരിച്ച്, ജനുവരി എട്ടോടെ ഡൽഹിയിൽ പ്രതിദിനം 8,000 മുതൽ 9,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഒമിക്രോൺ കുതിച്ചു ചാട്ടത്തെ കുറച്ചു കാണരുതെന്നും, ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.'ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അതിനാൽ പുതിയ തരംഗത്തെയോ ഒമിക്രോണിനെയോ നിസ്സാരമാക്കാനാവില്ല. എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായിരിക്കുന്നത് ഇത് ആശങ്കാജനകമാണ്. കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ചു ആശുപത്രികളിലെ രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും.
ഒമിക്രോൺ, ഡെൽറ്റ എന്നീ രണ്ട് വൈറസുകളാണ് രാജ്യത്ത് കൊവിഡ് കേസുകൾക്ക് കാരണമാകുന്നത്'-ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തിനിടെ 50ലധികം പേരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 100 ടെസ്റ്റുകൾക്ക് 6.46 ശതമാനമാണ് ഡൽഹിയിടെ പോസിറ്റിവിറ്റി നിരക്ക്. ഇത് മെയ് മുതലുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണ് നനിക്ക് നേരിയ ലക്ഷണങ്ങളോടെയുള്ള കോവിഡ് ഉണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു. മികച്ച സംരക്ഷണത്തിനായി ജാഗ്രത പാലിക്കാനും മാസ്‌ക് ധരിക്കാനും ഡൽഹി ആരോഗ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. നവംബറിൽ ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദമായ ഒമിക്രോണാണ് ഡൽഹിയിൽ പുതിയ സാമ്പിളുകളിൽ കൂടുതലും കണ്ടെത്തുന്നത്. മൂന്ന് ലാബുകളിലെ 81 ശതമാനം സാമ്പിളുകളിലും ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഇന്നലെ 37,379 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ