സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ നൂറ് കടന്നു.

സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ നൂറ് കടന്നു.
തിരു.: ആശങ്ക വര്‍ദ്ധിപ്പിച്ച്‌ സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ നൂറ് കടന്നു. ഇന്നലെ മാത്രം 44 പേര്‍ക്കാണ് രോഗബാധ.
സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടുന്നതും വെല്ലുവിളിയാണ്. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാളെ വരെ തുടരും.
        ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച്‌ ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നലത്തേത്. 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 107 ആയി. 14 പേര്‍ക്കാണ് ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയാണ്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജനിതക പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി ഇന്നും നാളെയും പ്രത്യേക വാക്സിന്‍ യജ്ഞം നടത്തും. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവരും വാക്സിനെടുക്കാന്‍ സമയം കഴിഞ്ഞവരും ഇന്നും നാളെയുമായി വാക്സിനെടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാളെ വരെ തുടരും.
      അതേസമയം, രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്നും നാളെയുമായി ഊര്‍ജ്ജിത വാക്സിനേഷന്‍ നടത്താനാണ് തീരുമാനം. പ്രതിദിന കൊവിഡ് കേസുകളില്‍ 27 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. പുതുവത്സര രാത്രിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാന്‍ പ്രധാന നഗരങ്ങളിലെല്ലാം കര്‍ശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ രാജ്യത്ത് വാക്സിനേഷന്‍ 145 കോടി ഡോസ് പിന്നിട്ടതായി ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.


Post a Comment

വളരെ പുതിയ വളരെ പഴയ