ഒമിക്രോണ്‍; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം, നിയന്ത്രണം കടുപ്പിച്ചേക്കും ?

ഒമിക്രോണ്‍; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം, നിയന്ത്രണം കടുപ്പിച്ചേക്കും ?
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നത തല യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഒമിക്രോണിന് മൂന്നിരട്ടി വ്യാപനതോത് കൂടുതലാണെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. മൊത്തം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് മുന്നൂറും പിന്നിട്ടതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാനങ്ങള്‍. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കാന്‍ എയിംസ് മേധാവി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
      കേരളത്തില്‍ ഇന്നലെ അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മൊത്തം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 29 ആയി. ഗുജറാത്തില്‍ ഏഴ് പേര്‍ക്കും കര്‍ണാടകയില്‍ 12 പേര്‍ക്കും ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറഞ്ഞെന്ന് ആശ്വസിച്ചിരുന്ന പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഒപ്പം തന്നെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. 
ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കും.       
         സംസ്ഥാനങ്ങളോട് വാര്‍ റൂമുകള്‍ ഉള്‍പ്പെടെ സജ്ജമാക്കാന്‍ കേന്ദ്രം നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. വാക്‌സിനേഷന്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശമുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം പ്രത്യേക നിർദ്ദേശം നല്‍കിയിട്ടുണ്ട്.
      കോവിഡ് 19 ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച മാത്രം 1179 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 23 പേര്‍ക്ക് ഒമിക്രോണ്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്ത് അടിയന്തരമായി വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് കോവിഡ് അവലോകന യോഗം വിളിച്ചു.
      മധ്യപ്രദേശില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യു. അതേസമയം, സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല.
        ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെ കൂടിയേക്കാമെന്ന കണക്കുകൂട്ടലില്‍ തയ്യാറെടുപ്പു നടത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പ്രതിദിനം ഒരുലക്ഷം രോഗികളുണ്ടായാല്‍ നേരിടാന്‍ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് ലക്ഷം പരിശോധനകള്‍ ദിവസേന നടത്താന്‍ ഡല്‍ഹി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم