ഗവർണ്ണർ - സർക്കാർ പോര്: പരിഹാര വഴിയൊരുങ്ങുന്നു.
തിരു.: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു സംസ്ഥാനത്തു മടങ്ങി എത്തുന്നതോടെ സർക്കാരുമായുള്ള പ്രശ്നങ്ങൾ തീർക്കാൻ വഴി ഒരുങ്ങുമെന്നു പ്രതീക്ഷിക്കുന്നു. രാത്രി എട്ടു മണിയോടെ കൊച്ചിയിൽ എത്തുന്ന ഗവർണ്ണർ നാളെ എം. എ. യൂസഫലിയുടെ വീട് സന്ദർശിക്കും. തുടർന്ന് ബേക്കലിലേക്ക് പോകും. കാസർകോട്ട് ചില സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കും. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്കു പോകുന്നതിനാൽ ഇരുവരും തമ്മിൽ നേരിട്ട് കാണാൻ സാധ്യത കുറവാണ്.
അതേസമയം, ഗവർണ്ണറുമായി അടുപ്പമുള്ള ചില സിപിഎം നേതാക്കൾ അദ്ദേഹത്തെ കണ്ട് അനുനയിപ്പിക്കാൻ ശ്രമിക്കുമെന്നാണു സൂചന. കേരളത്തിൽ മടങ്ങിയെത്തുന്ന ഗവർണ്ണർ പ്രകോപനപരമായി വീണ്ടും പ്രതികരിക്കുമോയെന്ന ആശങ്കയും സർക്കാരിനുണ്ട്. രാഷ്ട്രപതി റാം നാഥ് കോവിന്ദ് 21നു വരുന്നതിനാൽ അദ്ദേഹത്തിനൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം 23നു ഗവർണ്ണർ തിരുവനന്തപുരത്ത് മടങ്ങിയെത്തും. അതോടെ സർക്കാരുമായി കൂടുതൽ ചർച്ചകൾക്കു സാധ്യത ഉണ്ട്.
കണ്ണൂർ സർവകലാശാല വിസി നിയമനത്തിന് എതിരെ നൽകിയ കേസ് ഹൈക്കോടതി തള്ളിയെങ്കിലും ഗവർണ്ണർ ഉന്നയിച്ച ആരോപണങ്ങൾക്ക് ഇപ്പോഴും പ്രസക്തി ഉണ്ട്. അദ്ദേഹത്തിന്റെ ആരോപണങ്ങളിൽ ഒന്നു മാത്രമായിരുന്നു കണ്ണൂർ വിസി നിയമനം. ഗവർണ്ണർ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവും ആണെന്ന ആക്ഷേപം ആണ് സർക്കാർ ഉയർത്തുന്നത്. ഗവർണ്ണറെ അനുനയിപ്പിക്കാൻ ശ്രമം നടന്നില്ലെന്നു മാത്രമല്ല, കണ്ണൂർ സർവകലാശാലയിൽ അദ്ദേഹത്തിന്റെ അധികാരം ഒഴിവാക്കാനുള്ള ചട്ട ഭേദഗതിക്ക് സിൻഡിക്കറ്റ് അംഗീകാരം നൽകുകയും ചെയ്തു.
മുഖ്യമന്ത്രിയും ഗവർണ്ണറുമായി ചർച്ച നടത്തി തൽക്കാലത്തേക്ക് അന്തരീക്ഷം ശാന്തമാക്കിയാലും അദ്ദേഹം ഉന്നയിച്ച വിഷയങ്ങളിൽ സർക്കാർ നടപടി എടുക്കേണ്ടി വരും. കണ്ണൂർ വിസി നിയമനം സംബന്ധിച്ച് ഹർജിക്കാർ അപ്പീൽ പോകുന്ന സാഹചര്യത്തിൽ ഗവർണ്ണറുടെ പരാതികൾക്കു പരിഹാരം കാണേണ്ടതു സർക്കാരിന്റെ കൂടി ആവശ്യമാണ്. പ്രതിപക്ഷം ഗവർണ്ണറെ പൂർണ്ണമായി പിന്തുണയ്ക്കുന്നില്ല എന്നതു സർക്കാരിന് ആശ്വാസമാണ്. എന്നാൽ ഗവർണ്ണറെ കൂടുതൽ പ്രകോപിപ്പിക്കാനും ചാൻസലർ പദവി സ്വന്തമാക്കാനും സർക്കാർ ശ്രമിച്ചാൽ പ്രതിപക്ഷ നിലപാടിലും മാറ്റം വരും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ