ഹര്‍ഭജന്‍ സിങ് (ഭാജി) ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
മൊഹാലി: ഇനി ക്രിക്കറ്റില്‍ ഹര്‍ഭജന്‍ സിങ്ങിന്റെ സ്പിന്‍ ബൗളിങ്ങ് നേരിൽ കാണാനാകില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹര്‍ഭജന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള താരം 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ താരം 2011 ഏകദിന ലോകകപ്പും 2007 ട്വന്റി-20 ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 'എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തില്‍ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അനുസ്മരണീയവും ആക്കിയ എല്ലവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.' ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. ഐപിഎല്ലുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുണ്ടായിരുന്ന കരാറാണ് വിരമിക്കല്‍ തീരുമാനം വൈകിപ്പിച്ചതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
2001 മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം ഹര്‍ഭജന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമാണ്. അന്ന് മൂന്നു ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഹാട്രിക് എന്ന ചരിത്രനേട്ടവും ഹര്‍ഭജന്‍ സ്വന്തമാക്കി. 1998-ല്‍ ഷാര്‍ജയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിലാണ് ഭാജി എന്നു വിളിപ്പേരുള്ള ഹര്‍ഭജന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിത്. 2016-ല്‍ ധാക്കയില്‍ നടന്ന യു.എ.ഇ.യ്‌ക്ക് എതിരായ ട്വന്റി-20യിലാണ് രാജ്യത്തിനായി അവസാനമായി കളിച്ചത്.
രാജ്യാന്തര ക്രിക്കറ്റില്‍ സജീവമല്ലാതിരുന്നപ്പോഴും ഹര്‍ഭജന്‍ ഐപിഎല്ലില്‍ തിളങ്ങി നിന്നു. 163 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റുകള്‍ ഐപിഎല്ലില്‍ വീഴ്ത്തി. 2008 മുതല്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കുന്ന താരത്തിന്റെ പ്രകടനം ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണ്ണായകമായി. 2013-ല്‍ മുംബൈ ആദ്യ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ 23 വിക്കറ്റുകളാണ് ഭാജി വീഴ്ത്തിയത്. 2015-ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തില്‍ 24 പന്തില്‍ 64 റണ്‍സ് അടിച്ചു. പത്തു വര്‍ഷത്തോളം മുംബൈയില്‍ കളിച്ച താരം പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തട്ടകത്തിലെത്തി. 2018-ല്‍ ചെന്നൈയ്ക്കു വേണ്ടി 13 മത്സരങ്ങള്‍ കളിച്ചു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിൽ എത്തിയ താരം മൂന്നു മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ