നിർഭയാ ദിനാചരണം നടത്തി. സ്ത്രീ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തം: കലക്ടർ.
കോട്ടയം: സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ പറഞ്ഞു. നിർഭയാ ദിനാചരണത്തോട് അനുബന്ധിച്ച് കളക്‌ട്രേറ്റ് അങ്കണത്തിൽ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സിഗ്‌നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ.
സ്ത്രീകൾക്ക് നേരേയുണ്ടാകുന്ന അനീതിക്കും അതിക്രമങ്ങൾക്കും എതിരേ പ്രതികരിക്കുന്നതിനുള്ള മനോഭാവം വളർത്തിയെടുക്കാൻ പുതുതലമുറ തയ്യാറാകണം. സ്ത്രീ സുരക്ഷയ്ക്കായി ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. ആവശ്യ സന്ദർഭങ്ങളിൽ ഈ നിയമം ഉപയോഗപ്പെടുത്തുന്നതിനുള്ള ധൈര്യം സ്ത്രീകൾ ആർജ്ജിച്ച് എടുക്കേണ്ടതുണ്ടെന്നും കളക്ടർ പറഞ്ഞു.
വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പൊൻവാക്ക് പദ്ധതിയുടെ പോസ്റ്റർ പ്രകാശനവും കളക്ടർ നിർവഹിച്ചു. ശൈശവ വിവാഹം ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ വനിതാശിശു വികസന ഓഫീസറെ വിവരം അറിയിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതിയാണിത്.
ബി.സി.എം. കോളജിലെ സോഷ്യോളജി വിഭാഗം വിദ്യാർത്ഥിനികൾ നാരീശക്തി തീം ഡാൻസ് അവതരിപ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയ്ൻ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ. എസ്. മല്ലിക, മഹിളാ ശക്തി കേന്ദ്ര വനിതാ വെൽഫെയർ ഓഫീസർ ഹെലിന രാജൻ ഫിലിപ്പ്, ജില്ലാ കോ- ഓർഡിനേറ്റർമാരായ അക്സ മെർലിൻ തോമസ്, റിയ അലക്സ്, ബസേലിയസ് കോളജിലെ എൻ.സി.സി. കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.
إرسال تعليق