ആലപ്പുഴ: യുവാവ് എയർഗൺ ഉപയോഗിച്ചു നടത്തിയ വെടിവയ്പ്പിൽ ഒരാൾക്കു പരുക്കേറ്റു. മറ്റൊരാൾ വെടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിൽ ആലപ്പുഴ ചിറയിൽ വീട്ടിൽ അജ്മൽ സേട്ടിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരി വസ്തുക്കൾക്ക് അടിമയാണെന്നു പൊലീസ് പറഞ്ഞു. ആലിശ്ശേരി ചിറയിൽ വീട്ടിൽ നഹാസ് (31), ചിറയിൽ കടുങ്ങാംപറമ്പിൽ ഷെബിൻ ജോസഫ് (24) എന്നിവർക്കു നേരെയാണു വെടിവച്ചത്. നഹാസിന്റെ ഇടതു തോളിനു മുറിവുണ്ട്. ഒരു കടയുടെ നിരപ്പലകയ്ക്കു പിന്നിൽ മറഞ്ഞു നിന്നതിനാൽ ഷെബിന് വെടിയേറ്റില്ല. ഇവരുടെ അയൽവാസിയാണു പ്രതി. ആലിശ്ശേരി–വലിയമരം എച്ച്ബി പാടം ജംക്‌ഷനിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗുഡ്സ് ഓട്ടോ ഡ്രൈവറായ നഹാസും അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ഷെബിനും സുഹൃത്തുക്കളോടൊപ്പം ജംക്‌ഷനിൽ നിൽക്കുകയായിരുന്നു. എയർ ഗണ്ണുമായി വന്ന പ്രതി നഹാസിനെയാണ് ആദ്യം വെടിവച്ചത്. മറ്റുള്ളവർ ഓടിമാറി. അതിനിടെ ഷെബിൻ ജോസഫിനു നേരെ വെടിവച്ചപ്പോൾ അടുത്തുള്ള കടയുടെ നിരപ്പലക ഉയർത്തി പ്രതിരോധിച്ചു. വെടിയേറ്റത് പലകയിലാണ്.
ഇന്നലെ രാവിലെ നാട്ടുകാരിൽ ചിലരും നഹാസും ഷെബിനും സൗത്ത് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് എസ്ഐ റെജി രാജിന്റെ നേതൃത്വത്തിൽ വീട്ടിൽനിന്ന് അജ്മലിനെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിനു കേസ് റജിസ്റ്റർ ചെയ്തു പ്രതിയെ റിമാൻഡ് ചെയ്തു. ഓൺലൈൻ വഴിയാണ് എയർഗൺ വാങ്ങിയതെന്നു പ്രതി പൊലീസിനോടു പറഞ്ഞു. അജ്മൽ സേട്ട് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ദീർഘകാലം ചികിത്സയിൽ കഴിഞ്ഞിട്ടുണ്ടെന്നും മുൻപും അക്രമം നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
إرسال تعليق