ശബരിമല തീർത്ഥാടനം; മുന്നൊരുക്കങ്ങൾ ഇഴയുന്നു; അവലോകന യോഗം ഇന്ന്.

ശബരിമല തീർത്ഥാടനം; മുന്നൊരുക്കങ്ങൾ ഇഴയുന്നു; അവലോകന യോഗം ഇന്ന്.
കോട്ടയം: ശബരിമല തീർത്ഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മുന്നൊരുക്കങ്ങൾ ഇഴയുന്നു. മണ്ണിടിഞ്ഞും കാടു കയറിയും പ്രധാന പാതകളിൽ പലയിടത്തും അപകടഭീഷണി നിലനിൽക്കുകയാണ്. റോഡുകളുടെ നിർമ്മാണം വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
      മണ്ഡലകാലം തുടങ്ങാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കുമ്പോഴും പ്രധാന പാതകളുടെ പുനരുദ്ധാരണം എങ്ങും എത്തിയിട്ടില്ല. ഒക്ടോബറിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിരുന്ന പുനലൂർ-മൂവാറ്റുപുഴ റോഡിൽ പണി തുടരുന്നതിനാൽ റാന്നി വഴിയും കോന്നി വഴിയും എത്തുന്ന ഭക്തർ വലയും. റാന്നി നഗരത്തിലെങ്കിലും അടിയന്തിരമായി പണി പൂർത്തിയാക്കിയില്ലെങ്കിൽ, നിലവിലെ ഗതാഗതക്കുരുക്ക് തീർത്ഥാടക വാഹനങ്ങൾ കൂടി എത്തുമ്പോൾ മുറുകും.
       മണ്ണാറക്കുളഞ്ഞി- ചാലക്കയം റോഡിൽ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിൽ തടസ്സം നീക്കാൻ നടപടി ഉണ്ടായിട്ടില്ല. വളവുകളിൽ കാഴ്ച മറയ്ക്കും വിധം കാട് വളർന്നതും വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. തീർത്ഥാടകർ എത്തുന്ന കോട്ടയം ഇടുക്കി ജില്ലകളിലെ പല റോഡുകളും ശക്തമായ മഴയിൽ തകർന്നു കിടക്കുകയാണ്.
     കാലവർഷത്തിൽ ശബരിമല റോഡുകളുടെ നാശനഷ്ടവും പുനരുദ്ധാരണ പ്രവൃത്തികളും വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്ന് ചീഫ് എഞ്ചിനീയർമാർ ഉൾപ്പെടുന്ന സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്യും.

Post a Comment

أحدث أقدم