ആലപ്പുഴയില്‍ ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; പോലീസിന് വീഴ്ചയില്ലെന്ന് ഐ.ജി.
ആലപ്പുഴ: എസ്.ഡി.പി.ഐ., ബി.ജെ.പി. നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേർ കസ്റ്റഡിയിൽ. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ. എസ്. ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി. പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്.ഡി.പി.ഐ. പ്രവർത്തകരും കസ്റ്റഡിയിലുണ്ട്. നാല് എസ്.ഡി.പി.ഐ. പ്രവർത്തകരെ ആംബുലൻസിൽ നിന്നാണ് പിടി കൂടിയത്. എന്നാൽ ഇവരുടെയൊന്നും കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. എസ്.ഡി.പി.ഐ.യുടെ ആംബുലൻസും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതിനിടെ, രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലും കൃത്യമായ ആസൂത്രണം നടന്നതായാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ഫെബ്രുവരിയിൽ ആലപ്പുഴ വയലാറിൽ ആർ.എസ്.എസ്. പ്രവർത്തകനായ നന്ദുവിനെ എസ്.ഡി.പി.ഐ. പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കെ.എസ്. ഷാനെ വകവരുത്തിയതെന്നാണ് സൂചന. ഷാനെ ആർ.എസ്.എസുകാർ നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും നേതാക്കളെ പിടികൂടുമെന്നും സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പ്രതികരിച്ചു. എ.ഡി.ജി.പി. വിജയ് സാഖറെ, ദക്ഷിണമേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി എന്നിവർ ആലപ്പുഴയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ പോലീസ് ഇന്റലിജൻസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ദക്ഷിണമേഖല ഐ.ജി. ഹർഷിത അട്ടല്ലൂരിയും പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി തന്നെ പലയിടത്തും പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിരുന്നു. നേതാക്കൾക്കും സുരക്ഷ നൽകി. ഓരോ വീട്ടിലും പോലീസിന് കാവൽ നിൽക്കാനാവില്ലല്ലോ. നിർഭാഗ്യവശാൽ വീണ്ടും കൊലപാതകമുണ്ടായെന്നും ഐ.ജി. പറഞ്ഞു.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ക്രമസമാധാനനില തകർക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് നേതാക്കൾക്കും പ്രവർത്തകർക്കും മുന്നറിയിപ്പ് നൽകുകയാണ്. നിലവിൽ പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോ കസ്റ്റഡിയിലുള്ളവർ ആരൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങൾക്ക് പിന്നീട് മറുപടി നൽകാമെന്നും അന്വേഷണം നടക്കുകയാണെന്നുമായിരുന്നു ഐ.ജി.യുടെ പ്രതികരണം.
ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് ജാഗ്രത പുലർത്തുന്നുണ്ട്. സംഘർഷ സാധ്യതയുള്ള മേഖലകളിലും മറ്റും വാഹന പരിശോധനയും കർശനമാക്കി. ഇവിടങ്ങളിൽ പോലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ