റെയില്‍വേ സ്‌റ്റേഷനില്‍ മൂന്ന് കോടിയുടെ എംഡിഎംഎ പിടികൂടി.
എറണാകുളം: ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി വേട്ട. എക്സൈസ് സ്പഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്ന് കോടി രൂപ വില വരുന്ന എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ(27), സൈനുലാബ്ദീൻ (20) എന്നിവർ അറസ്റ്റിലായി. നിസാമുദ്ദീൻ മംഗളാ എക്സപ്രസിൽ ബംഗളൂരുവിൽ നിന്നാണ് പ്രതികൾ ട്രെയിനിൽ കയറിയത്. ഇത്തരം വ്യാപരം നടക്കുന്നതായി കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വിവരം ലഭിച്ചിരുന്നുവെന്ന് എക്സൈസ് ഇന്റലിജൻസ് ഓഫീസർ മനോജ് കുമാർ പറഞ്ഞു. കഴിഞ്ഞയാഴ്ച കൊടുങ്ങല്ലൂരിൽ നിന്ന് പിടികൂടിയ കേസിന്റെ തുടർച്ചയായി അന്വേഷണം നടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിന്തറ്റിക് മയക്കുമരുന്നാണ് പിടി കൂടിയത്. ചെറിയ അളവിൽ ഉപയോഗിച്ചാൽ പോലും മാനസിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്ന ശ്രേണിയിലുള്ളവയാണ് ആലുവയിൽ പിടികൂടിയത്. എറണാകുളത്ത് ന്യൂഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതായിരുന്നു മയക്കുമരുന്ന്. ജ്യൂസ് പാക്കറ്റുകളിലും പാനി പൂരി പാക്കറ്റുകളിലുമായി കൊണ്ടുവന്ന മയക്കുമരുന്നിന് അര ഗ്രാമിന് മൂവായിരം രൂപ എന്ന നിലയിലാണ് വിൽപന നടത്തുന്നത്. പ്രധാന സംഘത്തെ തന്നെ തകർക്കാൻ കഴിഞ്ഞുവെന്നും കൂടുതൽ പേർ ഉടൻ കസ്റ്റഡിയിലാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ