പിഞ്ചു കുഞ്ഞിന്റെ കൊലപാതകം; പ്രണയിതാക്കളും സുഹൃത്തും പിടിയില്‍.

പിഞ്ചു കുഞ്ഞിന്റെ കൊലപാതകം; പ്രണയിതാക്കളും സുഹൃത്തും പിടിയില്‍.
തൃശ്ശൂര്‍: നഗരത്തിനു സമീപം കനാലില്‍ രണ്ടു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രണയിതാക്കളും സുഹൃത്തും പിടിയില്‍. തൃശ്ശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22), വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25), ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി സ്വന്തം വീട്ടില്‍ വെച്ചാണ് മേഘ പ്രസവിച്ചത്. ഇവര്‍ ഗര്‍ഭിണിയായിരുന്നതും പ്രസവിച്ചതും വീട്ടുകാരറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു. പ്രസവത്തെത്തുടര്‍ന്ന് മേഘ കുഞ്ഞിനെ മുറിയില്‍ നേരത്തെ കരുതി വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിലിട്ടുവെന്നും പിറ്റേന്ന് രാവിലെ യുവാവും സുഹൃത്തും ചേര്‍ന്ന് മൃതദേഹം സഞ്ചിയിലാക്കി കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
      മേഘയുടെ പേരില്‍ കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് മാനുവലിന്റെ പേരിലുള്ളത്. അതിന് സഹായം ചെയ്തതിന് അമലിന്റെ പേരിലും കേസെടുത്തു. മേഘ എം.കോം. ബിരുദധാരിയും തൃശ്ശൂരില്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ജോലിക്കാരിയുമാണ്. മാനുവല്‍ പെയിന്റിങ് തൊഴിലാളിയാണ്.
പൂങ്കുന്നം എം.എല്‍.എ. റോഡിനു സമീപം കുറ്റൂര്‍ കനാലില്‍ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
അയല്‍വാസികളായ മാനുവലും മേഘയും രണ്ടു വര്‍ഷത്തിലധികമായി പ്രണയത്തിലാണെന്ന് പോലീസ് പറയുന്നു. വീടിന്റെ മുകളിലത്തെ മുറിയില്‍ ഒറ്റയ്ക്കായിരുന്നു മേഘ ഉറങ്ങിയിരുന്നതെന്നും ശനിയാഴ്ച രാത്രി പ്രസവിച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞില്ലെന്നുമാണ് പോലീസ് പറയുന്നത്. പ്രസവാവശിഷ്ടങ്ങള്‍ കക്കൂസില്‍ ഒഴുക്കിക്കളഞ്ഞെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. പിന്നീട് വിവരം മാനുവലിനെ ഫോണില്‍ വിളിച്ചറിയിച്ചു. പിറ്റേന്ന് രാവിലെ 11-ഓടെ മൃതദേഹമടങ്ങിയ സഞ്ചി മാനുവലിനെ ഏല്‍പ്പിച്ചു. മാനുവല്‍ സഹായത്തിന് സുഹൃത്ത് അമലിനെ സമീപിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ശിശുവിന്റെ ഡി.എന്‍.എ. പരിശോധനയടക്കം കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ, അസി. കമ്മിഷണര്‍ വി. കെ. രാജു എന്നിവര്‍ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ