കോവിഡ് നഷ്ടപരിഹാരം; സോഫ്റ്റ് വെയർ സങ്കീർണ്ണതകൾ നിറഞ്ഞതെന്ന് ആക്ഷേപം.

കോവിഡ് നഷ്ടപരിഹാരം; സോഫ്റ്റ് വെയർ സങ്കീർണ്ണതകൾ നിറഞ്ഞതെന്ന് ആക്ഷേപം.
കോട്ടയം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായത്തിന് അപേക്ഷകര്‍ കുറവായതിന് സോഫ്റ്റ് വെയറിലെ സങ്കീര്‍ണ്ണതയും കാരണം. ആരോഗ്യ വകുപ്പിന്റെ ഇ-ഹെല്‍ത്ത് വിഭാഗം തയ്യാറാക്കിയ covid19.kerala.gov.in എന്ന പോര്‍ട്ടലില്‍ സംസ്ഥാനത്ത് മരിച്ചവരുടെ വിവരങ്ങളെല്ലാമുണ്ട്.
ഈ പട്ടിക പരിശോധിച്ച് അപ്പീല്‍ ഫയല്‍ ചെയ്യാനുമാവും. ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും രോഗികളുടെ വിവരങ്ങള്‍ പരിശോധിച്ച് ജില്ലാതല മരണസ്ഥിരീകരണകമ്മിറ്റിക്ക് അയച്ച് അംഗീകരിച്ചു നല്‍കാനുമാവും.
പോര്‍ട്ടലിലെ മരണവിവരങ്ങള്‍ വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും ലഭ്യമാക്കി അവരുടെ അന്വേഷണ റിപ്പോര്‍ട്ടും അവകാശികളില്‍ നിന്നുള്ള രേഖകളും സഹിതം സൈറ്റില്‍ അപ്ലോഡ് ചെയ്ത് ഡെത്ത് അസേര്‍ട്ടണ്‍ കമ്മിറ്റി അംഗീകരിച്ചാല്‍ തുക അവകാശികളുടെ അക്കൗണ്ടിലേക്കെത്തും.
ഈ സംവിധാനം ഒരുക്കുന്നതിനിടയില്‍ റവന്യൂ വകുപ്പിന് ഇതിന്റെ ചുമതല കൈമാറി. റവന്യൂ വകുപ്പാകട്ടെ റിലീഫ് പോര്‍ട്ടലിലേക്ക് അവകാശികളോട് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്.
ഇതിനൊപ്പം കോവിഡ് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫാമിലി അംഗത്വ സര്‍ട്ടിഫിക്കറ്റ്, അനന്തര അവകാശ സര്‍ട്ടിഫിക്കറ്റ്, അവകാശികളുടെ ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയും അപ്ലോഡ് ചെയ്യണം. എന്നാല്‍, ഒട്ടേറെ അവകാശികളാണ് പലര്‍ക്കും. ഇവരുടെയെല്ലാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കണം. വിദേശത്തുള്ളവരാണെങ്കില്‍ എന്‍.ആര്‍.ഇ. അക്കൗണ്ട് അപ്ലോഡ് ചെയ്യാനാവില്ല. എല്ലാ അവകാശികളുടെയും നല്‍കുന്നതിനു പകരം ഒരാളുടെ പേരില്‍ നല്‍കാനുള്ള സമ്മതപത്രം നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറാണെങ്കിലും സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാല്‍ അതും സാധിക്കുന്നില്ല. അപേക്ഷകളില്‍ തെറ്റുണ്ടെങ്കില്‍ തിരിച്ച് അയക്കാനുണ്ടായിരുന്ന സൗകര്യം എടുത്തു കളഞ്ഞതോടെ വില്ലേജ് ഓഫീസറുടെ പെന്‍ഡിങ് പട്ടികയില്‍ അവ കിടക്കും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പ്രയാസകരമാണ്.
       അപേക്ഷ ഇങ്ങനെ
relief.kerala.gov.in എന്ന വെബ് സൈറ്റില്‍ അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ നല്‍കുക. ഒറ്റത്തവണ പാസ് വേഡ് (ഒ.ടി.പി.) ലഭിക്കുന്ന മുറയ്ക്ക് മരിച്ചവരുടെയും അവകാശികളുടെയും ആധാര്‍ ഐ.ഡി., ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍, അവകാശികളുടെയെല്ലാം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ വില്ലേജ്-താലൂക്ക് തലത്തിലുള്ള ക്യാമ്പുകളിലൂടെയോ ചെയ്യാം. പ്രതിമാസം 5000 രൂപ ലഭിക്കേണ്ട ബി.പി.എല്‍. കുടുംബങ്ങളിലെ ആശ്രിതര്‍ കോവിഡ് എക്‌സ്ഗ്രേഷ്യ ലഭിക്കാനായി പ്രത്യേക അപേക്ഷയും നല്‍കണം.
      മരിച്ചവരുടെ വിവരങ്ങള്‍ covid19.kerala.gov.in പോര്‍ട്ടലിലുണ്ട്. ഇതില്ലാത്തവര്‍ ഇതിലൂടെത്തന്നെ അപേക്ഷ നല്‍കണം. സര്‍ട്ടിഫിക്കറ്റ് തിരുത്തലുകള്‍ക്കുള്ള അപേക്ഷകളും ഇതുവഴി നല്‍കാം.

Post a Comment

വളരെ പുതിയ വളരെ പഴയ