'45 ലക്ഷം മലയാളികള്‍ പുറത്തുണ്ടെന്ന് മറക്കരുത്, ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധമായി മാറും'; സാബു എം. ജേക്കബ്.

'45 ലക്ഷം മലയാളികള്‍ പുറത്തുണ്ടെന്ന് മറക്കരുത്, ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധമായി മാറും'; സാബു എം. ജേക്കബ്.
കൊച്ചി: കിഴക്കമ്പലത്തെ അക്രമ സംഭവത്തില്‍ പോലീസ് പിടി കൂടിയവരില്‍ ഭൂരിഭാഗം പേരും നിരപരാധികളെന്ന് കിറ്റക്‌സ് എം.ഡി. സാബു എം. ജേക്കബ്. യാതൊരു തെളിവുകളുമില്ലാതെയാണ് പോലീസ് തൊഴിലാളികളെ പിടി കൂടിയിരിക്കുന്നതെന്നും കസ്റ്റഡിയിൽ ഉള്ളവരില്‍ 151 പേര്‍ നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു.  40 പേരില്‍ താഴെ മാത്രമേ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വാദം.
'എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് 164 പേരെ കസ്റ്റഡിയിലെടുത്തത്. ഈ പ്രശ്‌നം വളരെ സെന്‍സിറ്റീവായ വിഷയമാണ്. 45 ലക്ഷം മലയാളികള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടെന്ന് മറക്കരുത്. പത്ത് സംസ്ഥാനങ്ങളിലുള്ളവരാണ് ജയിലിലുള്ളത്. അവരുടെ സംസ്ഥാനങ്ങള്‍ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അവര്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ കേരളം ഉത്തരം പറയണം. എന്ത് തെളിവുണ്ടെന്ന് ചോദിച്ചാല്‍ പോലീസിന് കൈമലര്‍ത്തേണ്ടി വരും. സാബുവിനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഈ വിഷയം ഉപയോഗിക്കുന്നത് തെറ്റാണ്. തെറ്റ് തിരുത്തിയില്ലെങ്കില്‍ ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലേക്ക് പോകും' - സാബു പറഞ്ഞു. 
       ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാന്‍ പാടില്ല. എത്രയോ ലക്ഷം മലയാളികള്‍ പുറത്തു ജോലിചെയ്യുന്നു. അവര്‍ക്കാണ് ഈ അവസ്ഥ വന്നതെങ്കിലോ ? കസ്റ്റഡിയിലുള്ള പലരുടെയും ബന്ധുക്കള്‍ നാട്ടില്‍ നിന്ന് കണ്ണീരോടെ വിളിക്കുകയാണ്. അവര്‍ക്ക് വാദിക്കാന്‍ ആരുമില്ലെന്നും സാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ