സർക്കാർ നികുതിപ്പണം ധൂർത്തടിക്കുന്നു. ചീഫ് വിപ്പിന് എന്തിന് 25 പേഴ്സണൽ സ്റ്റാഫ് ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് കുരുവിള മാത്യൂസ്.
തിരു.: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കാര്യമായ യാതൊരു വിധ ജോലിയും ഇല്ലാത്ത ചീഫ് വിപ്പിൻ്റെ ഓഫിസിലേക്ക് പുതുതായി 17 പേരേ നിയമിച്ച നടപടി പിൻവലിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻഡിഏ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
ഒരു പ്രെവറ്റ് സെക്രട്ടറി, 2 അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ, 2 അസിസ്റ്റൻ്റ് പ്രെവറ്റ് സെക്രട്ടറിമാർ, 4 ഓഫീസ് അറ്റൻ്ററുമാർ, 5 ക്ലാർക്കുമാർ, ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്, ഒരു അഡീഷണൽ പഴ്സണൽ അസിസ്റ്റൻ്റ്, ഒരു അസിസ്റ്റൻ്റ് എന്നിവരെയാണ് പുതുതായി നിയമിച്ചിരിക്കുന്നതെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
23,000 മുതൽ 1.60 ലക്ഷം രൂപ വരെയാണ് ശമ്പളം. ഇതിലൂടെ മാത്രം പ്രതിവർഷം സർക്കാരിന് 3 കോടിയുടെ അധിക ബാദ്ധ്യതയാണുണ്ടാവുക. പുറമേ പെൻഷൻ ബാദ്ധ്യതയും ഇത് ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കലാണെന്ന് കുരുവിള മാത്യൂസ് ആരോപിച്ചു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ ഭരണകാലത്ത് ചീഫ് വിപ്പിന് പഴ്സണൽ സ്റ്റാഫിനെ അനുവദിച്ചതിനെതിരേ രൂക്ഷമായ സമരം നയിച്ച എൽഡിഎഫിന് ഇതെപ്പറ്റി എന്ത് ന്യായീകരണമാണ് പറയാനുള്ളത് ? കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‌റെ കാലയളവിൽ ചീഫ് വിപ്പിന് 10 പേഴ്സണൽ സ്റ്റാഫ് മാത്രമാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയും കേരള കോൺഗ്രസ് എം നേതൃത്വവും ഇക്കാര്യത്തിൽ മറുപടി പറയണം. സാംസ്കാരിക വകുപ്പ് മന്ത്രിക്ക് സെക്രട്ടറിയേറ്റിലെ ഒന്നാം അനക്സിലെ ഓഫിസിന് ടോയ്‌ലെറ്റ് നിർമ്മിക്കുന്നതിന് 4.10 ലക്ഷം രൂപ അനുവദിച്ചതും ധൂർത്തല്ലാതെ മറ്റെന്താണ് ? ഒരു പാവപ്പെട്ടവന് ലൈഫ് പദ്ധതിയിൽ 4 ലക്ഷം രൂപ മുടക്കി വീട് വയ്ക്കാമെന്ന് പറയുന്ന സർക്കാരിലെ മന്ത്രിക്ക് 4.10 ലക്ഷത്തിൻ്റെ ടോയ്ലെറ്റ് ഇത് സാംസ്കാരിക കേരളത്തിന് അപമാനകരമാണ്- കുരുവിള മാത്യൂസ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ