കൂട്ടിക്കലിൽ ഗൃഹോപകരണ വിതരണം നടത്തി.

കൂട്ടിക്കലിൽ ഗൃഹോപകരണ വിതരണം നടത്തി.        
കോട്ടയം: കൂട്ടിക്കലിന് കൈത്താങ്ങായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഒരു മാസം പിന്നിട്ടു. ഇതിനോടനുബന്ധിച്ച് ശനിയാഴ്ച കുടുംബസംഗമവും ഗൃഹോപകരണ വിതരണവും നടത്തി.        
       ദുരന്തമുണ്ടായതിന് പിറ്റേന്ന് കൂട്ടിക്കലിൽ ഓഫീസ് തുറന്ന് ആരംഭിച്ച പ്രവർത്തനങ്ങൾ തുടരുകയാണ്‌. ദുരന്തബാധിത പ്രദേശങ്ങളിലെ ഓരോ വീടും പ്രവർത്തകർ സന്ദർശിച്ച് വിവരശേഖരണം നടത്തിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ആദ്യദിനങ്ങളിൽ ശുചീകരണവും കുടിവെള്ളവും ഭക്ഷണവുമെത്തിക്കുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. പിന്നീട് കിണർ വൃത്തിയാക്കൽ, വീടുകൾ വാസയോഗ്യമാക്കൽ എന്നിവ നടത്തി. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും ഗ്യാസടുപ്പുകളും അനുബന്ധ സാമഗ്രികളും അറ്റകുറ്റപ്പണി നടത്താൻ പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് താമസം മാറ്റാൻ വിവിധ കുടുംബങ്ങൾക്ക് സാധനസാമഗ്രികളും വാങ്ങി നൽകി. ഉപജീവനം നഷ്ടപ്പെട്ടവർക്ക് അത് പുനഃസ്ഥാപിക്കാൻ അടിയന്തര സഹായങ്ങളും നൽകി. തകർന്ന 46 വീടുകൾ കൂട്ടിക്കലും, അഞ്ചുവീടുകൾ മുണ്ടക്കയത്തും വാസയോഗ്യമാക്കി കൈമാറി. തകർന്ന ശുചി മുറികളും നിർമിച്ചു നൽകി. 150 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന കിറ്റ് 250 കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, വെള്ളംകയറി നശിച്ച തൊഴിൽ ഉപയോഗ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് സാമ്പത്തിക സഹായം, ചെറുകിട സ്ഥാപനങ്ങളുടെ പുനരുദ്ധാരണം, 50 വീടുകൾക്ക് ഗ്യാസടുപ്പ്, നൂറ് വീടുകൾക്ക് ബെഡ്, 150 കുടുംബത്തിന് ഡൈനിങ് ടേബിൾ, കസേര എന്നിവയും നൽകി.  
        പ്രവർത്തനങ്ങൾക്ക് വിസ്‌ഡം ജില്ലാ പ്രസിഡന്റ്‌ സക്കീർഹുസൈൻ മൗലവി, ജില്ലാ സെക്രട്ടറി അബ്ദുൽ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി താജുദ്ദീൻ സ്വലാഹി, ഡിസാസ്റ്റർ മാനേജ്മെൻ്റ് സ്‌റ്റേറ്റ് ചെയർമാൻ അൻവർ ഇടത്തനാട്ടുകര, വിസ്ഡം സാമൂഹ്യക്ഷേമ വകുപ്പ് കൺവീനർ ടി പി അബ്ദുൽ അസീസ് എന്നിവരടങ്ങുന്ന സംസ്ഥാന തല ഡിസാസ്റ്റർ മാനേജ്മെൻ്റ് കോർ കമ്മിറ്റി സംഘവും പ്രദേശങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
       ശനിയാഴ്ച ഗൃഹോപകരണ വിതരണവും റിലീഫ് അവലോകനവും കുടുംബസംഗമവും കൂട്ടിക്കൽ കെ എം ജെ സ്കൂളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിസ്ഡം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സി. പി. സലീം മുഖ്യപ്രഭാഷണവും നടത്തി. വിസ്ഡം ജില്ലാ പ്രസിഡന്റ്‌ സക്കീർ ഹുസൈൻ മൗലവി അദ്ധ്യക്ഷനായി. പി. എസ്. സജിമോൻ (പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിക്കൽ), എ. ഷൈൻകുമാർ (ഇൻസ്പെക്ടർ ഓഫ് പൊലീസ്, മുണ്ടക്കയം), സുബൈർ മൗലവി (ഇമാം കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് ), ഷിഹാബ് മൗലവി (അസി. ഇമാം കൂട്ടിക്കൽ മുസ്ലിം ജമാഅത്ത്), അയ്യൂബ് ഖാൻ (പ്രസിഡന്റ്‌ കൂട്ടിക്കൽ മുസ്ലിം ജമാഅത്ത്‌), ഷാൻ (സെക്രട്ടറി കൂട്ടിക്കൽ മുസ്ലിം ജമാഅത്ത്‌), ഡോ: ഹനീഫ (കൂട്ടിക്കൽ മുസ്ലിം ജമാഅത്ത്), നിയാസ് കൂട്ടിക്കൽ (മുൻ ചെയർമാൻ ക്ഷേമകാര്യം കൂട്ടിക്കൽ പഞ്ചായത്ത്), അബ്ദുൽ സലാം സ്വലാഹി, വിസ്ഡം ജില്ലാ സെക്രട്ടറി അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു. 


Post a Comment

വളരെ പുതിയ വളരെ പഴയ