അരിമില്ലുകൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നു.
കോട്ടയം: സംസ്ഥാനത്ത് അരിമില്ലുകൾ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന് ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആരോപിച്ചു. അന്യസംസ്ഥാനങ്ങളിൽ പ്രളയം എന്ന വാർത്ത പരന്നതോടെ സംസ്ഥാനത്തെ അരിമില്ലുകളാണ് ആദ്യം വില വർദ്ധിപ്പിച്ചത്. മുപ്പത്തിയഞ്ച് രൂപക്ക് കിട്ടി കൊണ്ടിരുന്ന കുത്തരിക്ക് നാൽപ്പത്തി അഞ്ചിനോട് അടുത്താണ് വില വർദ്ധിച്ചിരിക്കുന്നത്. വിപണിയിൽ ഇപ്പോൾ ഏറ്റവും അധികം വിൽപ്പന നടക്കുന്നത് അഞ്ചു കിലോ പത്തു കിലോ പായ്ക്കറ്റ് അരികളാണ്. കേരളത്തിലെ അരിമില്ലുകൾ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിന് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നുണ്ട് കോടികണക്കിന് രൂപയാണ് സർക്കാർ ഇതിനായി ചെലവഴിക്കുന്നത് രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഈ സ്ഥിതി ഇല്ല. എന്നാൽ, അരിമില്ലുകാരും സർക്കാർ ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതു മൂലം വലിയ തട്ടിപ്പാണ് ഈ മേഖലയിൽ നടക്കുന്നത്. കർണ്ണാടകയിൽ നിന്നും ആന്ധ്രായിൽ നിന്നും വരുന്ന അരിയേക്കാൾ അധിക വിലയാണ് കേരളത്തിലെ അരിമില്ലുകളിൽ ഉണ്ടാക്കുന്ന അരിക്ക് ഈടാക്കുന്നത്. വിപണിയിൽ വില നിയന്ത്രിക്കേണ്ട സർക്കാർ നിയന്ത്രണത്തിലുള്ള വിതരണ കേന്ദ്രങ്ങൾ വെള്ള അരി പച്ചരി ഉൾപ്പെടെ ഉള്ളവ വിതരണം ചെയ്യാതെ വില വർദ്ധനവിന് ചൂട്ട് പിടിക്കുകയാണ്. അളവുതൂക്ക വകുപ്പിന്റയും ജിഎസ്ടി വകുപ്പിന്റെയും നേതൃത്വത്തിൽ കർശന പരിശോധന നടത്തി, പൂഴ്ത്തിവെയ്പ്പുകാർക്ക് എതിരേ കർശന നടപടി സ്വീകരിക്കണമെന്നും എബി ഐപ്പ് ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ