പനി ബാധിതരുടെ മരണനിരക്ക് ഉയരുന്നു; കോട്ടയം ജില്ലയിൽ ഈ മാസം മരിച്ചത് 4 പേർ.

പനി ബാധിതരുടെ മരണനിരക്ക് ഉയരുന്നു; കോട്ടയം ജില്ലയിൽ ഈ മാസം മരിച്ചത് 4 പേർ.
കോട്ടയം: ജില്ലയിൽ പനി ബാധിതരുടെ മരണനിരക്ക് ഉയരുന്നു. ഈ വർഷം ഇതുവരെ പനി ബാധിച്ച് മരിച്ചത് 20 പേരാണ്. 54,804 പേർ ചികിത്സ തേടി. ഈ മാസം മാത്രം 6,646 പേർ പനിബാധിതരായി. 4 പേർ മരിച്ചു. ഇന്നലെ  സർക്കാർ ആശുപത്രികളിൽ 218 പേർ പനിക്കു ചികിത്സ തേടി. എലിപ്പനി ബാധിതരുടെ എണ്ണവും ഉയരുന്നുണ്ട്. ഈ മാസം മാത്രം 26 പേർക്ക് എലിപ്പനി ബാധിച്ചു. ഈ വർഷം 159 പേർ എലിപ്പനി ബാധിതരായി. 2 പേർ മരിച്ചത് എലിപ്പനി മൂലമാണെന്നു സ്ഥിരീകരിച്ചു. ഈ വർഷം 128 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഇതിൽ ഒരാൾ മരിച്ചു. "ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനു ശേഷം എലിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നുണ്ട്. 4 പേർ ഗുരുതര നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. വെള്ളപ്പൊക്ക മേഖലയിൽ മലിനജലവുമായി സമ്പർക്കം ഉണ്ടാകുന്നവരിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. മറ്റു പനിബാധിതരുടെ എണ്ണവും ഉയരുന്നുണ്ട്. മലിനജലവുമായി സമ്പർക്കമുണ്ടാകുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധവേണം." - ഡോ. പ്രശാന്തകുമാർ (യൂണിറ്റ് ചീഫ് മെഡിസിൻ വിഭാഗം, മെഡിക്കൽ കോളജ്, കോട്ടയം) പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ