ശിശുക്ഷേമ സമിതി, സിഡബ്ല്യുസി മേധാവികൾക്കെതിരെ റിപ്പോർട്ട്; സർക്കാരും സിപിഎമ്മും വെട്ടിൽ.
തിരു.: ദത്തു വിവാദവുമായി ബന്ധപ്പെട്ടു ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി), ശിശുക്ഷേമ സമിതി എന്നിവയുടെ വീഴ്ചകൾ വ്യക്തമാക്കി ശിശുക്ഷേമ ഡയറക്ടർ തന്നെ റിപ്പോർട്ട് നൽകിയതോടെ വെട്ടിലായത് ഇതുവരെ ഈ സ്ഥാപനങ്ങളെ ന്യായീകരിച്ചു സംരക്ഷിച്ച സർക്കാരും സിപിഎമ്മും. ഈ സ്ഥാപനങ്ങളുടെ തലപ്പത്തുള്ള പാർട്ടി നോമിനികളെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് സർക്കാരിനു കണ്ടില്ലെന്നു നടിക്കാനാകില്ല. തലയൂരാൻ എന്തു നടപടി സ്വീകരിക്കും എന്നതാണ് ഇനിയുള്ള ചോദ്യം. നടപടികളിലെ വീഴ്ചകൾക്കപ്പുറം ഗൂഢാലോചനയും തെളിവു നശിപ്പിക്കലും അടക്കമുള്ള ക്രിമിനൽ കുറ്റകൃത്യങ്ങൾ നടന്നു എന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാകുന്നത്. അതിനാൽ, ആരോപണവിധേയരായ സമിതി ജനറൽ സെക്രട്ടറി ജെ. എസ്. ഷിജുഖാൻ, സിഡബ്ല്യുസി അദ്ധ്യക്ഷ എൻ. സുനന്ദ എന്നിവരെ മാറ്റുന്നതിൽ നടപടി ഒതുക്കാനാവില്ലെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം അവസാനം നൽകിയ പ്രാഥമിക റിപ്പോർട്ട് പക്ഷേ, ശിശുക്ഷേമ സമിതിയെ വെള്ള പൂശുന്നതായിരുന്നു. പരാതിക്കാരിയായ അനുപമയുടെ മൊഴി പോലും രേഖപ്പെടുത്താതെ സമിതിയുടെ വാദങ്ങളുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു ആ റിപ്പോർട്ട്. സമിതിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നു മന്ത്രി വീണ നിയമസഭയിൽ വിശദീകരിച്ചത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ പരാതിക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തതോടെ അന്തിമ റിപ്പോർട്ട് കീഴ്മേൽ മറിഞ്ഞു.
ആരോപണങ്ങൾക്കു പരസ്യമായൊരു വിശദീകരണം ഷിജുഖാൻ ഇതുവരെ നൽകിയിട്ടില്ല. ശിശുക്ഷേമ സമിതി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഈ വിവാദത്തിലും പ്രതികരിച്ചിട്ടില്ല. ശിശുക്ഷേമ ഡയറക്ടർ അന്വേഷിച്ചതും കണ്ടെത്തിയതും വകുപ്പിനു കീഴിലെ 2 സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ മാത്രമാണ്. കുഞ്ഞിനെ കാണാനില്ലെന്നു മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് സ്റ്റേഷനിലുമെല്ലാം പരാതി നൽകിയിട്ടും കേസെടുക്കാൻ പോലും 6 മാസം വൈകി എന്നാണ് അനുപമയുടെ പരാതി. ഇതടക്കമുള്ള വീഴ്ചകൾ വെളിച്ചത്തു വരണമെങ്കിൽ അന്വേഷണം വേറെ വേണ്ടി വരും.
ഷിജു ഖാനെയും സുനന്ദയെയും മാറ്റുമെന്നു സൂചന
അതിനിടെ, ദത്തുവിവാദത്തിൽ ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) യും വീഴ്ചകൾ വരുത്തിയെന്നു വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായതോടെ ഈ സമിതികൾക്കു നേതൃത്വം നൽകുന്നവരെ മാറ്റിയേക്കുമെന്നു സൂചന. റിപ്പോർട്ട് പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയുമായും സിപിഎം പാർട്ടി തലത്തിലും ആലോചിച്ച ശേഷമാകും നടപടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ