പാതയോരത്തെ കൊടിമരങ്ങള്‍; കേരളം നന്നാവില്ലെന്ന് ഹൈക്കോടതി, കൂടുതലും ചുവന്ന കൊടികളെന്നും പരാമര്‍ശം.

പാതയോരത്തെ കൊടിമരങ്ങള്‍; കേരളം നന്നാവില്ലെന്ന് ഹൈക്കോടതി, കൂടുതലും ചുവന്ന കൊടികളെന്നും പരാമര്‍ശം.
കൊച്ചി: പാതയോരത്തെ അനധികൃത കൊടിമരങ്ങള്‍ക്കെതിരായ കേസില്‍ രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം താന്‍ തിരുവനന്തപുരത്ത് പോയതായും അവിടെ നിറയെ കൊടിമരങ്ങളായിരുന്നെന്നും അതില്‍ കൂടുതലും ചുവന്ന കൊടികളായിരുന്നെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് രണ്ടാഴ്‌ച മുന്‍പ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കൊടിമരം സ്ഥാപിച്ചവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും അവര്‍ക്കെതിരെ വിചാരണ നടപടി ഉണ്ടാകണം എന്നുമായിരുന്നു നിര്‍ദ്ദേശം. അനധികൃത കൊടിമരങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള‌ള ഹര്‍ജിയിലായിരുന്നു ഇന്നലെ കോടതി അഭിപ്രായം രേഖപ്പെടുത്തിയത്. ആരു പറഞ്ഞാലും കേരളം നന്നാവില്ലെന്ന് ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. കോടതി നിര്‍ദ്ദേശം വന്നയുടന്‍ കളക്‌ടര്‍മാര്‍ ഉത്തരവിറക്കുകയും അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയെന്ന് സര്‍‌ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

Post a Comment

വളരെ പുതിയ വളരെ പഴയ