കോവിഡ് മരണം: സാമ്പത്തിക സഹായം വിതരണം എന്തായി ?
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള 50,000 രൂപയുടെ സാമ്പത്തിക സഹായം കേരളം ഇതുവരെയും വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. സാമ്പത്തിക സഹായത്തിന് സംസ്ഥാനത്ത് 6116 പേര് അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ മരിച്ചവരുടെ അടുത്ത ബന്ധുക്കളെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാൽ സാമ്പത്തിക സഹായം വിതരണം ചെയ്തിട്ടില്ലെന്ന് കേരളം അറിയിച്ചതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
2021 നവംബർ 26 വരെ കേരളത്തിൽ 38,737 കോവിഡ് മരണമാണ് ഉണ്ടായിട്ടുള്ളതെന്ന് സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 6116 പേരുടെ ബന്ധുക്കളാണ് സാമ്പത്തിക സഹായത്തിന് സർക്കാർ പോർട്ടലിലൂടെ അപേക്ഷ നൽകിയത്. നഷ്ടപരിഹാരത്തിന് അർഹതയുള്ള ബന്ധുക്കൾ ആരെന്നത് സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് പുതിയ ഉത്തരവ് ഇറക്കിയതായി സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
വൈകാതെ സാമ്പത്തിക സഹായം വിതരണം ചെയ്തു തുടങ്ങുമെന്നും കേരളം അറിയിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു. ഐസിഎംആർ മാർഗ്ഗരേഖ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടി ആരംഭിച്ചതായും സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം വിതരണം ചെയ്തത് ഡൽഹി സർക്കാരാണ്. ലഭിച്ച 25,358 അപേക്ഷകളിൽ 19,926 പേർക്കായി 99.63 കോടി രൂപയാണ് ഇതുവരെ ഡൽഹി സർക്കാർ സാമ്പത്തിക സഹായമായി നൽകിയത്. ഏറ്റവും അധികം കോവിഡ് മരണം ഉണ്ടായ മഹാരാഷ്ട്രയിൽ ഇതുവരെ സാമ്പത്തിക സഹായം നൽകുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് അരലക്ഷം രൂപ സാമ്പത്തിക സഹായം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സുപ്രീം കോടതി ശരിവെച്ചിരുന്നു. അപേക്ഷ ലഭിച്ച് ഒരു മാസത്തിനുള്ളിൽ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിനുള്ള തീരുമാനമെടുക്കണം എന്നായിരുന്നു നിർദ്ദേശം. വേണ്ടത്ര പ്രചാരം ലഭിക്കാത്തതിനാലാണ് സാമ്പത്തിക സഹായത്തിനായി കൂടുതൽ പേർ സർക്കാരിനെ സമീപിക്കാത്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ