ബിജെപി ഓഫിസിനു നേരെ ആക്രമണം: കേസ് പിൻവലിക്കാൻ സർക്കാർ നീക്കം.
തിരു.: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണക്കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സർക്കാർ ഇതു സംബന്ധിച്ച് അപേക്ഷ നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി, കേസിലെ ഒന്നാം സാക്ഷിക്ക് സമൻസ് അയച്ചു. എന്നാൽ, ഇതിനെതിരെ ബിജെപി തടസ്സഹർജി നൽകി. കേസ് ജനുവരി ഒന്നിന് കോടതി പരിഗണിക്കും. 2017 ജൂലൈ 28നാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം ഉണ്ടായത്. ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആക്രമണമുണ്ടായി മണിക്കൂറുകൾക്കകമാണ് ബിജെപി ഓഫീസ് ആക്രമിക്കപ്പെടുന്നത്. മുൻ കോർപറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ. പി. ബിനു, എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ പ്രതികൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ