കായംകുളം താപനിലയത്തിൽ അവശേഷിക്കുന്ന ഇന്ധനം ഗുജറാത്തിലേക്കു മാറ്റും.

കായംകുളം താപനിലയത്തിൽ അവശേഷിക്കുന്ന ഇന്ധനം ഗുജറാത്തിലേക്കു മാറ്റും. 
ആലപ്പുഴ: കായംകുളം താപനിലയത്തിൽ അവശേഷിക്കുന്ന നാഫ്ത്ത ഗുജറാത്തിലേക്കു കൊണ്ടു പോകുന്നു. 225 മെട്രിക് ടൺ നാഫ്ത്തയാണ് ഇപ്പോൾ നിലയത്തിലുള്ളത്. നേരത്തെ 17,000 മെട്രിക് ടൺ നാഫ്ത്ത സൂക്ഷിച്ചിരുന്നു. ഇതിൽ 16,775 മെട്രിക് ടണ്ണും കഴിഞ്ഞ മാർച്ചിൽ ഒരു മാസത്തോളം നിലയം പ്രവർത്തിപ്പിച്ചതിലൂടെ ഉപയോഗിച്ചു തീർത്തിരുന്നു. അന്നു ബാക്കി വന്ന ഇന്ധനമാണ് ഇപ്പോൾ ഗുജറാത്തിലെ എൻ.ടി.പി.സി. നിലയങ്ങളിലേക്കു കൊണ്ടു പോകുന്നത്. ടാങ്കർ ലോറികളിലാണ് ഇന്ധന നീക്കം. റോഡുമാർഗ്ഗം ഇന്ധനം കൊണ്ടു പോകുന്നതിനുള്ള അനുമതി ബന്ധപ്പെട്ടവർ കാത്തിരിക്കുകയാണ്. മിക്കവാറും ഈ മാസം അവസാനത്തോടെ കായംകുളത്തു നിന്ന്‌ ടാങ്കറുകൾ പുറപ്പെട്ടു തുടങ്ങും. ഏഴു വർഷത്തിലധികമായി അടച്ചിട്ടിരിക്കുന്ന നിലയത്തിൽ വർഷങ്ങളായി സംഭരിച്ചിരുന്ന നാഫ്ത്ത എൻ.ടി.പി.സി.ക്ക് വലിയ ബാധ്യതയായിരുന്നു. സംഭരണികളുടെ സുരക്ഷയും രാസപ്രക്രിയയിലൂടെ ഉണ്ടാകുന്ന നഷ്ടവും ചേർന്ന് ഓരോ വർഷവും കോടികളാണ് കോർപ്പറേഷനു ബാധ്യത ഉണ്ടായിരുന്നത്. ഇതേ തുടർന്നാണ് ഇന്ധനം ഉപയോഗിച്ചു തീർക്കാൻ എൻ.ടി.പി.സി.യും കെ.എസ്.ഇ.ബി.യും തമ്മിൽ ധാരണ ഉണ്ടാക്കിയത്. അന്ന് യൂണിറ്റിന് 7.50 രൂപ വിലയാകുമായിരുന്നെങ്കിലും 3.50 രൂപ നിരക്കിലാണ് കെ.എസ്.ഇ.ബി.ക്കു വൈദ്യുതി നൽകിയത്. ഇന്ധനം ഉപയോഗിച്ചു തീർക്കാനായി വൈദ്യുതി ഉത്പാദിപ്പിച്ചെങ്കിലും സംഭരണികളുടെ അടിത്തട്ടിൽ നിന്ന്‌ നാഫ്ത്ത ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. പദ്ധതി പ്രദേശത്തെയും ചേപ്പാട് റെയിൽവേ സ്‌റ്റേ്ഷനു സമീപത്തെ ബി.പി.സി.എൽ. യാർഡിലെയും സംഭരണികളിലായാണ് നാഫ്ത്ത അവശേഷിക്കുന്നത്.
      കൽക്കരി ക്ഷാമത്തെ തുടർന്നു രാജ്യം കടുത്ത വൈദ്യുതിപ്രതിസന്ധി നേരിടുമ്പോഴും കായംകുളം താപനിലയം ഇനി തുറക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. ഇന്ധനമായ നാഫ്ത്തയുടെ വിലവർദ്ധനവ് തന്നെയാണു പ്രതിസന്ധിക്കു കാരണമാകുന്നത്. 1998-ൽ നിലയം പ്രവർത്തിച്ചു തുടങ്ങുമ്പോൾ, നാഫ്ത്ത ലിറ്ററിന് ആറു രൂപയിൽ താഴെയായിരുന്നു. ഇപ്പോഴത് 60 രൂപയ്ക്ക് അടുത്തും. ഒരു ഘട്ടത്തിൽ കായംകുളം വൈദ്യുതിക്ക് യൂണിറ്റിന് 14 രൂപയിലധികം വിലയായിരുന്നു.
      ദ്രവീകൃത പ്രകൃതിവാതകം ഇന്ധനമാക്കിയാൽ നാലു രൂപയ്ക്കടുത്തു വിലയിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു. 34 കോടി രൂപ ചെലവിൽ ഇതിനുള്ള സജ്ജീകരണങ്ങൾ എൻ.ടി.പി.സി. ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ, കൊച്ചിയിൽ നിന്നു കടലിലൂടെ പ്രകൃതിവാതകം എത്തിക്കാനുള്ള ശ്രമം ചില കോണുകളിൽ നിന്നുള്ള എതിർപ്പു കാരണം തുടക്കത്തിലേ ഉപേക്ഷിക്കേണ്ടി വന്നു. പദ്ധതി പ്രദേശത്തു സൂക്ഷിച്ചിരുന്ന ഇന്ധനം പൂർണ്ണമായും ഒഴിവാക്കിയതിലൂടെ കായംകുളം താപനിലയം സാങ്കേതികമായി അടച്ചു കഴിഞ്ഞെന്നാണു ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്. പദ്ധതിപ്രദേശത്തു സൗര വൈദ്യുതി ഉത്പാദനത്തിനുള്ള ജോലികൾ നടക്കുന്നുണ്ട്. ഇനിയുള്ള ഏക പ്രതീക്ഷ ഇതുമാത്രമാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ