ഓര്‍ത്തഡോക്സ് സഭയ്ക്കു പുതിയ പരമാദ്ധ്യക്ഷന്‍; ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍.
പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഒമ്പതാമത് കത്തോലിക്കായും സഭാദ്ധ്യക്ഷനുമായി ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ സ്ഥാനാരോഹണം ചെയ്തു.
ഇന്നു രാവിലെ പരുമല സെമിനാരി ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേയായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ.
സഭയുടെ സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമിസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും സഹോദരീ സഭാമെത്രാപ്പോലീത്തമാരും സഹകാര്‍മ്മികരായിരുന്നു.
കത്തോലിക്കാ സ്ഥാനത്തേക്കും മലങ്കര മെത്രാപ്പോലീത്ത സ്ഥാനത്തേക്കും സഭ സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും ശുപാര്‍ശ ചെയ്ത ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയെ ഇന്നലെ പരുമലയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് തെരഞ്ഞെടുത്തത്.
അസോസിയേഷന് വേദിയില്‍ തന്നെ മാത്യൂസ് മാര്‍ സേവേറിയോസ് മലങ്കര മെത്രാപ്പോലീത്തയുടെ സ്ഥാന ചിഹ്നങ്ങള്‍ സ്വീകരിച്ച് ചുമതലയേറ്റു. തുടര്‍ന്ന് പരുമല പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി. സുന്നഹദോസ് ചേര്‍ന്ന് തെരഞ്ഞെടുപ്പ് അംഗീകരിച്ചതോടെയാണ് ഇന്ന് കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ എന്ന പേര് അദ്ദേഹം സ്വീകരിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുര്‍ബാന മധ്യേ ഡോ: യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത വചനശുശ്രൂഷ നടത്തി. തുടര്‍ന്ന് പരിശുദ്ധാത്മ വാസത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ ശുശ്രൂഷകള്‍ ആരംഭിച്ചു.
ശുശ്രൂഷാമധ്യേ നിയുക്ത കത്തോലിക്കയില്‍ നിന്നു സമ്മതപത്രം സ്വീകരിക്കുകയും സഭാ പാരമ്പര്യപ്രകാരമുള്ള പേര് നല്കി മുഖ്യകാര്‍മ്മികന്‍ പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് അദ്ദേഹത്തെ അഭിഷേകം ചെയ്തു.
മുഖ്യകാര്‍മ്മികന്‍ പുതിയ കത്തോലിക്കായുടെ നാമകരണം നടത്തി സ്ഥാനാരോഹണ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് സിംഹാസനത്തിലിരുത്തി ഇദ്ദേഹം സ്ഥാനത്തിനു യോഗ്യനാകുന്നു എന്നര്‍ത്ഥമുള്ള ഓക്സിയോസ് ചൊല്ലി.
ഇന്നലെ പരുമലയില്‍ ചേര്‍ന്ന സുറിയാനി ക്രിസ്യാനി അസോസിയേഷന് യോഗത്തില്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും മെത്രാപ്പോലീത്തമാരും മാത്രമാണ് പങ്കെടുത്തത്. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിനകത്തും പുറത്തുമായി സഭയുടെ വിവിധ ഭദ്രാസനങ്ങളുമായി ബന്ധപ്പെട്ട് 3500ലധികം പ്രതിനിധികള്‍ വെര്‍ച്വല്‍ പ്ലാറ്റ് ഫോമില്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് പരുമല പള്ളിയില്‍ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിലേക്ക് മെത്രാപ്പോലീത്തമാരെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമിസ് അധ്യക്ഷത വഹിച്ചു. ഫാ. ഡോ: ടി. ജെ. ജോഷ്വ ധ്യാനം നയിച്ചു.
അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍ നോട്ടീസ് കല്പന വായിച്ചു. കത്തോലിക്കായുടെ പിന്‍ഗാമിയും മലങ്കര മെത്രാപ്പോലീത്തയുമായി ഡോ.മാത്യൂസ് മാര്‍ സേവേറിയോസിന്റെ പേര് നേരത്തെ സുന്നഹദോസും സഭാ മാനേജിംഗ് കമ്മിറ്റിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചുള്ള നാമനിര്‍ദേശം വരണാധികാരി ഫാ. അലക്സാണ്ടര്‍ ജെ. കുര്യന് അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത അറിയിച്ചു.
തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു. പൗരാണിക സ്ഥാന വസ്ത്രങ്ങളും മാലകളും കുരിശും അംശവടിയും അദ്ദേഹത്തിനു കൈമാറി. മെത്രാപ്പോലീത്തമാര്‍ ഇത് അണിയിച്ചു. തുടര്‍ന്ന് മെത്രാപ്പോലീത്ത സിംഹാസനാര്യഢനാകുകയും വിശ്വാസികളെ ആശീര്‍വദിക്കുകയും ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ