പുതുക്കിയ മഴ സാധ്യത പ്രവചനം.
റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷെറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശം.
കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
16-10-2021: മലപ്പുറം, കോഴിക്കോട്
എന്നീ ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 മി.മീ. മുതൽ 204.4 മി.മീ. വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
15-10-2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.
16-10-2021: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ.
17-10-2021: ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ്.
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 മി.മീ. മുതൽ 115.5 മി. മീ. വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ അപകട സാധ്യതയുള്ള മലയോര മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണ്.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകൾ ഓറഞ്ച് ബുക്ക് 2021 അടിസ്ഥാനമാക്കിയുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
ദുരന്ത സാധ്യത മുന്നിൽ കണ്ടുകൊണ്ട് ദുരന്ത പ്രതികരണത്തിനായി ആവശ്യമായ റിസോഴ്സുകൾ സജ്ജമാക്കി വെക്കേണ്ടതാണ്.
സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറിറ്റിയുടെ ഓറഞ്ച് ബുക്ക് 2021 ലെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിക്കാൻ കർശനമായി നിർദേശിക്കുന്നു.
ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കേണ്ടതാണ്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2021 ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവർ ഉരുൾപൊട്ടൽ /മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കി ജനങ്ങൾക്ക് 'അനൗൺസ്‌മെന്റ്' വഴി വിവരം നൽകുകയും ജനങ്ങളെ മുൻകരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. അപകട സാഹചര്യത്തിൻറെ ഗൗരവം ഉൾക്കൊണ്ടു കൊണ്ട് പൊതുജനങ്ങളെ മാറിത്താമസിക്കാൻ നിർബന്ധിതമായ ഇടപെടൽ ഉണ്ടാകേണ്ടതാണ്.
വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കുകയും മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്.
ക്യാമ്പുകൾ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കണം.
പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.
ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24x7 മണിക്കൂറും ജാഗരൂകരായി പ്രവർത്തിക്കേണ്ടതാണ്.
പോലീസും അഗ്നിരക്ഷാ സേനയും അതീവ ജാഗ്രതയോടെ ആക്ഷനുകൾക്ക് തയ്യാറായി ഇരിക്കാൻ നിർദ്ദേശം നൽകേണ്ടതാണ്.
ശക്തമായ കാറ്റ് വീശുന്നതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ മൂലമുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ പ്രതിരോധിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.
ഫയർ ആൻഡ് റെസ്ക്യൂ സേനയും സിവിൽ ഡിഫെൻസും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായി ഇരിക്കാനുള്ള നിർദ്ദേശം നൽകണം.
കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റേണ്ടതാണ്.
മൽസ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകുന്നില്ലെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും ഉറപ്പാക്കേണ്ടതാണ്. ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മൽസ്യ തൊഴിലാളി ഗ്രാമങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ച് വിളിച്ചു പറയേണ്ടതാണ്.
നദികളിലെ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കുകയും ചെയ്യേണ്ടതാണ്.
വൈദ്യുതി വകുപ്പിനുള്ള പ്രത്യേക നിർദ്ദേശം
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും, ചില്ലകൾ ഒടിഞ്ഞു വീണും, പോസ്റ്റുകൾ തകർന്നും വൈദ്യുത കമ്പികൾ പൊട്ടാനും ഷോക്കേറ്റ് ആളുകൾക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ വേണ്ട മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണം.
കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിപ്പിക്കേണ്ടതാണ്.
ലൈനുകളുടേയും ട്രാൻസ്ഫോമറുകളുടെയും അപകട സാധ്യതകൾ പരിശോധിച്ച് മുൻകൂർ നടപടികൾ ആവശ്യമുള്ളയിടത്ത് അത് പൂർത്തീകരിക്കേണ്ടതാണ്.
താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വൈദ്യുത പവർ ഹൌസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളും വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള മുൻകരുതൽ നടപടി സ്വീകരിക്കണം.
അണക്കെട്ടുകളിൽ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികൾ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കുകയും ചെയ്യുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ