കോവിഡ് കെയര്‍ സെന്റര്‍ അടച്ചു പൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
നെടുങ്കണ്ടം: കോവിഡ് മഹാമാരി ജനജീവിതം ദുസഹമാക്കിയപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ നിര്‍ത്തലാക്കുന്നു. ഇതിന്റെ ഭാഗമായി ഇടുക്കി രൂപത താല്‍ക്കാലികമായി വിട്ടു നല്‍കിയ നെടുങ്കണ്ടം കരുണാ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്റര്‍ അടച്ചു പൂട്ടാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കോവിഡ് കെയര്‍ സെന്ററില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിറക്കി.
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് ഡ്യൂട്ടിക്കായി നിയമിച്ച താല്‍കാലിക ജീവനക്കാരെ ഒകേ്‌ടാബര്‍ 16, 23, 30 എന്നിങ്ങനെ മൂന്ന് ഘട്ടമായി പിരിച്ചു വിടുന്ന സാചര്യത്തിലാണ് കരുണയിലെ കോവിഡ് കെയര്‍ സെന്ററും പൂട്ടുന്നത്.
നിലവില്‍ അഞ്ചു രോഗികള്‍ മാത്രമാണ് കരുണാ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലുള്ളതെന്ന് നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. അനൂപ് പറഞ്ഞു. താലൂക്കാശുപത്രിയിലെ ആശുപത്രി ജീവനക്കാരെ ഉപയോഗിച്ച് കോവിഡ് കെയര്‍ സെന്റര്‍ തുടര്‍ന്നു പോവാന്‍ പരിമിതികളുണ്ട്. കൂടാതെ വാക്‌സിനേഷന്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ വ്യാപകമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കോവിഡ് ഡ്യൂട്ടിക്കായി നിയമിച്ച താത്‌കാലിക ജീവനക്കാരെ പിരിച്ചു വിടുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. നെടുങ്കണ്ടത്തെ കോവിഡ് സെന്റര്‍ നിര്‍ത്തലാക്കുന്നതോടെ കോവിഡ് രോഗികള്‍ ഇടുക്കി, കോട്ടയം മെഡിക്കല്‍ കോളജുകളിലേക്ക് പോകേണ്ടതായി വരും. എല്ലാവിധ സൗകര്യങ്ങളും നിലവില്‍ കരുണാ ആശുപത്രിയില്‍ ഉണ്ട്. ലാബ് ഉള്‍പ്പടെയുള്ളവ ഇവിടെ സജ്‌ജമാണ്. അതിര്‍ത്തി പ്രദേശമായതിനാല്‍ ഓരോ ദിവസവും നിരവധി ആളുകളാണ് ഹൈറേഞ്ചിലേക്ക് എത്തുന്നത്. ഇവിടെ ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായി നിരവധി മുറികളുമുണ്ട്. സെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ മേഖലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ