ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.

ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.
എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്ത് തുടങ്ങിയിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പുയർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ക്ഷേത്രത്തിൻ്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയെന്നാണ് റിപ്പോർട്ടുകൾ. പെരിയാറിൽ ജലനിരപ്പുയരുന്നതിൻ്റെ പശ്ചാത്തലത്തിൽ നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
      ഇടമലയാറിൽ വൈശാലി ഗുഹയ്ക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി ഇവിടെ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആദിവാസി ഊരുകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ജില്ലയിലെ ഡാമുകളുടെ ഷട്ടറുകളൊന്നും നിലവിൽ ഉയർത്തിയിട്ടില്ല.
      പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കര കവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്തിരുന്നു. ഉരുൾപൊട്ടലിൻ്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു. പുലർച്ചെയോടെ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ നദികളൊക്കെ കര കവിഞ്ഞൊഴുകുകയാണ്.
      കക്കി ആനത്തോർ ഡാമിൽ ഒരു മീറ്റർ കൂടി ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കേണ്ടി വരും. മൂഴിയാർ, മണിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മഴ കനത്താൽ മണിയാർ ഡാമിൻ്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. അങ്ങനെയെങ്കിൽ കക്കാട്ട് ആറിലും പമ്പയാറിലും ജലനിരപ്പ് ഉയരും. ഈ നദികളുടെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നതിനാൽ ഗതാഗതത്തിനു നിയന്ത്രണമുണ്ട്. മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടത്തിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
       തൃശൂർ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരിൽ പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.
      സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയിൽ അർദ്ധരാത്രി മുതൽ അതിശക്തമായ മഴയാണ്. ഇടുക്കി ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.




Post a Comment

വളരെ പുതിയ വളരെ പഴയ