2018 പ്രളയത്തേക്കാൾ ഭീകരം; 5 അടി ഉയരത്തിൽ വെള്ളം; നഷ്ടം കനത്തത്.
മല്ലപ്പള്ളി: വെള്ളമിറങ്ങിയതോടെ മല്ലപ്പള്ളി ടൗണിലെ കടകളിൽ ശുചീകരണം തുടങ്ങി. കടകളിൽ ചെളി നിറഞ്ഞ് കിടക്കുകയാണ്. കണക്ക് കൂട്ടിയതിലും വേഗത്തിലാണ് വെള്ളം കയറിയതെന്ന് വ്യാപാരികൾ പറഞ്ഞു. വീടുകളിലും ഗുരുതര സാഹചര്യമാണ്. സാധനങ്ങളൊന്നും മാറ്റാൻ കഴിഞ്ഞില്ല. അത്ര വേഗത്തിലാണ് വെള്ളം ഇരച്ചെത്തിയത്. 2018 ലെ പ്രളയത്തേക്കാൾ 5 അടി ഉയരത്തിൽ വെള്ളം കയറി. ഒരു ദിവസം കൊണ്ട് വെള്ളമിറങ്ങി. പക്ഷെ, കടകളിലെല്ലാം ചെളി അടിഞ്ഞു കിടക്കുകയാണ്. സാധനങ്ങൾ നാമാവശേഷമായി. കടകളിലെ എസിയും, മറ്റ് ഉപകരണങ്ങളും നശിച്ചു. പാമ്പുകളടക്കം ക്ഷുദ്ര ജീവികളേയും ഭയന്നാണ് ശുചീകരണം. വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ ശുചീകരണം എളുപ്പമല്ല. വീടുകളിലും വെള്ളമിറങ്ങിയതോടെ ശുചീകരണം തുടങ്ങി. നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെങ്കിലും കനത്തതാണെന്ന് നാട്ടുകാർ പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ ഇനിയും വെള്ളം താഴാനുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ