ലോക സാക്ഷരതാ ദിനം ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
തിരു.: ലോകസാക്ഷരതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡയറക്ടർ ഡോ. പി. എസ്. ശ്രീകല അറിയിച്ചു.
"സാക്ഷരത - ഡിജിറ്റൽ വിഭജനം കുറച്ചു കൊണ്ടുള്ള മനുഷ്യ കേന്ദ്രിതമായ വീണ്ടെടുക്കലിന്'' എന്നതാണ് യുനെസ്കോയുടെ ഇത്തവണത്തെ വിഷയം. ഈ വിഷയത്തെ ആസ്പദമാക്കി 'കേരളമെന്ന പാഠപുസ്തകം' എന്ന ആശയത്തിന് ഊന്നൽ നൽകുന്ന ഓൺലൈൻ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ഓണ്‍ലൈന്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
സെപ്റ്റംബര്‍ 8 രാവിലെ 9ന് സംസ്ഥാന ഓഫീസ്, ജില്ലാ ഓഫീസുകള്‍, വിദ്യാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സാക്ഷരതാപതാക ഉയര്‍ത്തും. വൈകിട്ട് 7ന് സാക്ഷരതാമിഷൻ ഡയറക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ് പ്രഭാഷണം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 9 മുതല്‍ ഒരാഴ്ചക്കാലം ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ പ്രഭാഷണ പരിപാടികൾ നടത്തും. സാക്ഷരത- തുല്യതാപഠിതാക്കളും തുടർവിദ്യാഭ്യാസ പ്രവർത്തകരും നവമാധ്യമങ്ങളിലൂടെ പഠനാനുഭവങ്ങൾ പങ്കുവെയ്ക്കും. കഴിഞ്ഞ അഞ്ചു വർഷം സാക്ഷരതാ സമിതികൾ കൈവരിച്ച നേട്ടങ്ങൾ ജില്ലാ സാക്ഷരതാ സമിതികളും തദ്ദേശസ്വയംഭരണ സ്ഥാപന തല സമിതികളും ഓൺലൈൻ പരിപാടികളിലൂടെ പങ്കുവയ്ക്കും.
നിപ വൈറസ് വീണ്ടും കണ്ടെത്തിയതിന്റെയും കൊവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു മാത്രമേ സാക്ഷരതാ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കാവൂ എന്നും ഡയറക്ടർ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ