ഓൺ ലൈൻ മദ്യവ്യാപാരം മെച്ചം, കൂടുതല്‍ ഷോപ്പുകൾ ഓൺ ലൈനാകും.
തിരു.∙ ഓൺ ലൈൻ മദ്യവ്യാപാരം നേട്ടമായതോടെ കൂടുതൽ കടകളിലേക്കു സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി ബവ്റജസ് കോർപറേഷൻ. തിരഞ്ഞെടുത്ത 30 ഷോപ്പുകളിൽ കൂടി അടുത്ത മാസം ഓൺ ലൈൻ ബുക്കിങ് തുടങ്ങും. ഒരു വർഷത്തിനകം എല്ലാ പ്രധാന ഷോപ്പുകളിലും ഓൺ ലൈൻ സംവിധാനം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കോർപറേഷൻ.
നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓരോ ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓൺ ലൈൻ ബുക്കിങ് തുടങ്ങിയത്. ബുക്കിങ് ആരംഭിച്ച ഓഗസ്റ്റ് 17 മുതൽ 25 വരെയുള്ള വിൽപ്പന നോക്കിയാൽ മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തെ പഴവങ്ങാടി ഷോപ്പിൽ 215 പേർ ഓൺ ലൈനിലൂടെ ബുക്ക് ചെയ്തു, വരുമാനം 2,86,000 രൂപ. എറണാകുളം ഗാന്ധിനഗർ ഷോപ്പിൽ 313 പേർ ബുക്ക് ചെയ്തപ്പോൾ 7,47,330 രൂപ വരുമാനം കിട്ടി. കോഴിക്കോട് പാവമണി റോഡിലെ ഷോപ്പിൽ 329 പേർ ബുക്ക് ചെയ്തു, വരുമാനം 3,27,000. വില കൂടിയ മദ്യങ്ങൾ മാത്രമായിരുന്നു ഓൺ ലൈൻ ബുക്കിങ്ങിനുണ്ടായിരുന്നത്. എന്നിട്ടും ഇത്രയും തുക ലഭിച്ചത് മികച്ച പ്രതികരണമായി ബെവ്കോ കാണുന്നു. ഓൺ ലൈൻ സംവിധാനത്തെക്കുറിച്ച് ഉപഭോക്താക്കളിൽ നടത്തിയ സർവേയിലും നല്ല അഭിപ്രായമാണ് ലഭിച്ചത്. ശരാശരി 500 മദ്യ ഇനങ്ങളാണ് സാധാരണ ഷോപ്പിലുള്ളതെങ്കില്‍ ഓൺ ലൈൻ ബുക്കിങ് സൈറ്റിൽ ഏകദേശം 50 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൺ ലൈൻ സംവിധാനം വിജയമായതോടെ കൂടുതൽ മദ്യ ഇനങ്ങൾ സൈറ്റിൽ ഉൾപ്പെടുത്തും. http:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ബുക്കിങ് സൈറ്റിൽ ഏത്തേണ്ടത്. മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യുമ്പോൾ അതിലേക്കു വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് റജിസ്ട്രേഷൻ പൂർത്തീകരിക്കണം. തുടർന്നുള്ള കോളങ്ങളിൽ പേര്, ജനനത്തീയതി, ഇ–മെയിൽ ഐഡി എന്നിവ നൽകി പ്രൊഫൈൽ തയാറാക്കണം. ഇതു കഴിഞ്ഞാൽ ഷോപ്പുകളുടെ വിവരങ്ങളും മദ്യഇനങ്ങളുടെ വിശദാംശങ്ങളുമുള്ള പേജിലേക്കു പോകാം. ജില്ല, മദ്യശാല എന്നിവ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന മദ്യം കാർട്ടിലേക്കു മാറ്റി ഓർഡർ നൽകി ഓൺ ലൈനിൽ പണമടയ്ക്കാം. റഫറൻസ് നമ്പർ, ചില്ലറ വിൽപനശാലയുടെ വിവരങ്ങൾ, മദ്യം കൈപ്പറ്റേണ്ട സമയം എന്നിവ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ എസ്എംഎസായി ലഭിക്കും. ഷോപ്പിലെത്തി റഫറൻസ് നമ്പർ നൽകി മദ്യം വാങ്ങാം. റജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് വീണ്ടും മദ്യം വാങ്ങണമെങ്കിൽ വീണ്ടും വെബ്സൈറ്റിൽ ബുക്ക് ചെയ്യണം. ഓൺ ലൈൻ ബുക്കിങ്ങിനായി പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, തെരെഞ്ഞെടുത്ത ഔട്ട് ലെറ്റുകളിൽ ഉദ്ദേശിക്കുന്ന ബ്രാൻഡ് സ്റ്റോക്ക് ഇല്ലാതെ വരുമോയെന്നതും നിർദ്ദിഷ്ട സമയത്ത് സാധനം വാങ്ങാൻ കഴിയുമോയെന്നതും ഉപഭോക്താക്കളിൽ ആശങ്കയുളവാക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ