ആറന്മുളള ഉതൃട്ടാതി വള്ളംകളി ഇന്ന്.

ആറന്മുളള ഉതൃട്ടാതി വള്ളംകളി ഇന്ന്.

ആറന്മുള: കൊവിഡ് മഹാമാരി വില്ലനായപ്പോൾ, ഇത്തവണയും ആറന്മുള ഉത്രട്ടാതി വള്ളംകളി ആചാരമായി മാത്രം ഒതുങ്ങും. ആറന്മുളയുടെ സംസ്കാരവും പ്രൗഢിയും വിളിച്ചോതുന്ന ജലമേളയ്ക്ക് മാറ്റുകൂട്ടാൻ മുൻപ് 52 പള്ളിയോടങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കൊവിഡ് മഹാമാരിയുടെ ഭീഷണി ഒഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെ നിശ്ചയിച്ച മൂന്ന് പള്ളിയോടങ്ങളാണ് ഇത്തവണ ഉതൃട്ടാതി ജലമേളയ്ക്ക് എത്തുന്നത്. ഓരോ പള്ളിയോടത്തിലും കൊവിഡ് പരിശോധനയും വാക്സിനേഷനും പൂർത്തിയായ 40 പേർ വീതം അണിനിരക്കും. കിഴക്കൻ മേഖലയിൽ നിന്ന് കോഴഞ്ചേരി, മധ്യമേഖലയിൽ നിന്ന് മാരാമൺ, പടിഞ്ഞാറൻ മേഖലയിൽ നിന്ന് കീഴ്‌വന്മഴി പള്ളിയോടങ്ങളാണ് ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നത്. പള്ളിയോടത്തിൽ എത്തുന്നവർ ക്ഷേത്രക്കടവിൽ ഇറങ്ങാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10.45 ന് ക്ഷേത്രക്കടവിൽ എത്തുന്ന പള്ളിയോടങ്ങളെ വെറ്റിലയും പുകയിലയും നൽകി സ്വീകരിക്കും. തുടർന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങൾക്ക് കൈമാറും. പള്ളിയോടത്തിൻ്റെ ക്യാപ്റ്റൻ വെള്ളമുണ്ടും ചുവന്ന തലയിൽക്കെട്ടും മറ്റുള്ളവർ വെള്ളമുണ്ടും വെള്ള തലയിൽക്കെട്ടും ധരിക്കണം. പള്ളിയോട സേവാസംഘം നൽകിയ തിരിച്ചറിയൽ കാർഡില്ലാത്ത ആരും പള്ളിയോടത്തിൽ പ്രവേശിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.               ഭീഷ്മപർവ്വത്തിലെ ഏഴുരണ്ടു ലോകമെല്ലാം അടക്കി പാലാഴി തന്നിൽ എന്ന ഭാഗമാണ് പള്ളിയോടത്തിൽ ആദ്യഘട്ടം പാടുന്നത്. ക്ഷേത്രക്കടവിൽ നിന്ന് സത്രക്കടവിന്റെ ഭാഗത്തേക്ക് ഭീഷ്മപർവ്വം പാടി തുഴഞ്ഞ് നീങ്ങും. സത്രക്കടവിൽ ചവിട്ടിത്തിരിച്ച ശേഷം കിഴക്കോട്ട് പരപ്പുഴക്കടവ് വരെ വെച്ചു പാട്ടായ ശ്രീ പത്മനാഭ മുകുന്ദ മുരാന്തക പാടി മൂന്ന് പള്ളിയോടങ്ങളും ഒന്നിച്ച് തുഴഞ്ഞ് നീങ്ങും. പരപ്പുഴകടവിൽ നിന്ന് തിരികെ പടിഞ്ഞാട്ടേക്ക് ഈ പള്ളിയോടങ്ങൾ സന്താന ഗോപാലത്തിലെ നീലകണ്ഠ തമ്പുരാനേ എന്ന വരികൾ പാടി ഒന്നിച്ച് തുഴഞ്ഞ് നീങ്ങും. ഇങ്ങനെ മൂന്ന് ഘട്ടമായി നടക്കുന്ന ജല ഘോഷയാത്ര മാത്രമായിരിക്കും ഇത്തവണ ഉതൃട്ടാതി വള്ളം കളിക്ക് ഉണ്ടാകുക.

Post a Comment

വളരെ പുതിയ വളരെ പഴയ