അൺ റിസർവ്ഡ് ട്രെയിനുകൾ 30 മുതൽ
കൊച്ചി: ഒന്നര വര്‍ഷത്തിനു ശേഷം തീവണ്ടിഗതാഗതം സാധാരണനിലയിലേക്ക് എത്തിക്കാന്‍ റെയില്‍വേ ശ്രമം തുടങ്ങി. റിസര്‍വു ചെയ്തു മാത്രം യാത്ര അനുവദിക്കുന്ന പ്രത്യേക തീവണ്ടികള്‍ മാത്രമാണിപ്പോള്‍ ഓടിക്കുന്നത്. റിസര്‍വേഷനില്ലാതെ യാത്ര അനുവദിക്കുന്ന തീവണ്ടികൾ പരീക്ഷണ അടിസ്ഥാനത്തിൽ ഓടിക്കും. ദക്ഷിണ റെയില്‍വേയുടെ കീഴില്‍ എറണാകുളം- കൊല്ലം-എറണാകുളം മെമു, കണ്ണൂര്‍-മംഗലാപുരം- കണ്ണൂർ എക്സ്പ്രസ് എന്നിവയുള്‍പ്പെടെ അഞ്ചു തീവണ്ടികള്‍ ഈ മാസം 30 മുതല്‍ ഇങ്ങനെ ഓടിത്തുടങ്ങും. കൗണ്ടറില്‍ നിന്നെടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് ഈ തീവണ്ടികളില്‍ മാത്രമേ യാത്ര ചെയ്യാനാവൂ.
ഓരോ റെയില്‍വേ സോണിന്റെ ആവശ്യപ്രകാരം അണ്‍റിസര്‍വ്ഡ് തീവണ്ടികള്‍ റെയില്‍വേ അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് രാജ്യത്താകെ തീവണ്ടിഗതാഗതം നിലച്ചത്. പിന്നീട് ഘട്ടംഘട്ടമായാണ് ഓരോ പ്രത്യേക തീവണ്ടികള്‍ ഓടിത്തുടങ്ങിയത്.
കൊല്ലം- എറണാകുളം മെമു രാവിലെ നാലിന് പുറപ്പെട്ട് 8.25-ന് എറണാകുളം ജങ്‌ഷനില്‍ എത്തും. എറണാകുളത്തു നിന്ന് കൊല്ലത്തേക്കുള്ള മെമു വൈകിട്ട് 6.15-ന് എറണാകുളം ജങ്‌ഷനില്‍ നിന്ന് പുറപ്പെട്ട് 10.15-ന് കൊല്ലത്ത് എത്തും.
കണ്ണൂര്‍-മംഗാലാപുരം തീവണ്ടി 7.40-ന് പുറപ്പെട്ട് 10.55-ന് മംഗലാപുരം സെന്‍ട്രലില്‍ എത്തും. മംഗലാപുരം-കണ്ണൂര്‍ തീവണ്ടി വൈകിട്ട് 05.05-ന് പുറപ്പെട്ട് 8.40-ന് കണ്ണൂരിൽ എത്തും.
തിരുച്ചിറപ്പിള്ളി- കാരയ്ക്കല്‍, മയിലാടുതുറൈ- തിരുവാരൂര്‍, മധുര-ചെങ്കോട്ട തീവണ്ടികളും 30 മുതല്‍ ദിവസേന ഓടിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ