സംസ്ഥാനത്തെ തടവുകാരുടെ പരോള്‍ കാലാവധി രണ്ടാഴ്ച കൂടി നീട്ടി.
തിരു.: കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ തടവുകാരുടെ പരോള്‍ കാലാവധി രണ്ടാഴ്ച കൂടി നീട്ടി. കൂട്ടത്തോടെ പരോള്‍ അനുവദിച്ചവര്‍ ജയിലില്‍ പ്രവേശിക്കേണ്ടിയിരുന്നത് ഇന്നായിരുന്നു. ജയില്‍ മേധാവിയുടെ ശുപാര്‍ശ പ്രകാരമാണ് പരോള്‍ കാലാവധി നീട്ടിയത്. രണ്ടാം ഘട്ട കൊവിഡ് രോഗവ്യാപന ശേഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പരോള്‍ നീട്ടി നല്കുന്നത്. 1390 തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചത്.
കൊവിഡ് പശ്ചാത്തലത്തില്‍ പരോളിലുള്ള തടവുകാരോട് ജയിലേക്ക് മടങ്ങിയെത്താന്‍ ജയില്‍ മേധാവി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചത് വിവാദമായിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് നിര്‍ദ്ദേശമെന്നായിരുന്നു വിമര്‍ശനം. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ജയിലിലേക്ക് മടങ്ങി എത്തേണ്ടതില്ലെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നിലനില്‍ക്കെ പരോളിലിറങ്ങിയ തടവുകാരോട് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലവുമായി ചൊവ്വാഴ്ച രാവിലെ 11ന് മുമ്പായി ഹാജരാകാനായിരുന്നു ജയില്‍ മേധാവി നിര്‍ദ്ദേശിച്ചത്. വിവാദമായതോടെ ഇത് പിന്‍വലിക്കുകയായിരുന്നു.
രാജ്യത്തെ ജയിലുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും രോഗബാധ തടയുന്നതും ലക്ഷ്യമിട്ടാണ് ഒന്നാം രോഗ വ്യാപന സമയത്ത് പരോള്‍ അനുവദിച്ചവര്‍ക്ക് വീണ്ടും പരോള്‍ അനുവദിക്കണമെന്ന് കഴിഞ്ഞ മേയ് ഏഴിന് ഉത്തരവിറക്കിയത്. പരോളില്‍ പുറത്ത് തുടരുന്നവര്‍ക്ക് 90 ദിവസത്തേക്ക് കൂടി നീട്ടി നല്കണമെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍. വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. പരോള്‍, ജയില്‍ മോചനം എന്നിവ നല്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ