ഹിന്ദു സാമൂഹ്യ സർവ്വേ: കോടതി ഉത്തരവ് സർക്കാർ അട്ടിമറിച്ചു: ഹിന്ദു ഐക്യവേദി.

ഹിന്ദു സാമൂഹ്യ സർവ്വേ : കോടതി ഉത്തരവ് സർക്കാർ അട്ടിമറിച്ചു: ഹിന്ദു ഐക്യവേദി.

കോട്ടയം: സംസ്ഥാനത്തെ ഹിന്ദു സമാജത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക മണ്ഡലങ്ങളിലെ പിന്നോക്കാവസ്ഥ പഠിക്കാൻ സോഷ്യൽ സർവ്വേ നടത്തണമെന്ന ഹൈക്കോടതി ഉത്തരവ്, സംസ്ഥാന സർക്കാർ അട്ടിമറിച്ചതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്. ബിജു ആരോപിച്ചു.
      2020 സെപ്റ്റംബർ 8 ന് പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവാണ് സർക്കാർ  അട്ടിമറിച്ചത്.  എല്ലാ രംഗത്തും പിന്നോക്കാവസ്ഥ അനുഭവിക്കുന്ന സംസ്ഥാനത്തെ ഭൂരിപക്ഷ സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഉതകുന്നതായിരുന്നു കോടതി  ഉത്തരവ്.
       സംഘടിത മത ന്യൂനപക്ഷങ്ങൾക്ക് ഗുണകരമാകുന്ന പാലോളി മുഹമ്മദുകുട്ടി കമ്മിറ്റി റിപ്പോർട്ട്, ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് എന്നിവ  ഫലപ്രദമായി നടപ്പിലാക്കാൻ ശ്രമിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് ഭൂരിപക്ഷ ജനസമൂഹത്തിന് ഗുണകരമാകുന്ന സാമൂഹ്യ സർവ്വേ  കാറ്റിൽ പറത്തിയത്. കോടതി ഉത്തരവുണ്ടായി എട്ടു മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്ന സ്ഥിരം പല്ലവി സർക്കാർ വകുപ്പുകൾ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
       സാമൂഹ്യ പരിഷ്കരണവും, അധികാര പങ്കാളിത്തവും, അവകാശങ്ങളും സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത ഇടതു പക്ഷ സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണ്, വിവിധ കമ്മീഷൻ റിപ്പോർട്ടുകളും, കോടതി ഉത്തരവുകളും അട്ടിമറിക്കുന്നതിലൂടെ തെളിവാകുന്നതെന്നും  അദ്ദേഹം കുറ്റപ്പെടുത്തി.

Post a Comment

വളരെ പുതിയ വളരെ പഴയ