രാഘവീയം 2021 (രാമായണ മാസം) സ്വാഗത സംഘം രൂപീകരിച്ചു.
തിരുവല്ല: സനാതനധർമ്മം നിരന്തരം വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ രാമായണത്തിൻ്റെ സന്ദേശവും - കുടുംബ സങ്കൽപ്പവും ഓരോ ഹൈന്ദവ ഭവനങ്ങളിലേക്കും എത്തിക്കാനുള്ള ചുമതല ശബരിമല അയ്യപ്പസേവാ സമാജം പ്രവർത്തകർ ഏറ്റെടുക്കണമെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. മനുഷ്യജീവിതത്തിൻ്റെ സമസ്ത മേഖലകളിലും ഇന്ന് നാം കാണുന്ന മൂല്യച്യുതിയ്ക്കുള്ള പരിഹാരം രാമായണത്തിൽ ദർശിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല അയ്യപ്പസേവാ സമാജം നേതൃത്വം നൽകുന്ന ഈ വർഷത്തെ രാമായണ മാസാചരണം "രാഘവീയം 2021"ൻ്റെ സംസ്ഥാനതല സ്വാഗതസംഘം ഓൺ ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ശബരിമല അയ്യപ്പ സേവാസമാജം അഖിലേന്ത്യാ സംഘടന സെക്രട്ടറി വി. കെ. വിശ്വനാഥൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം. കെ. അരവിന്ദാക്ഷൻ എന്നിവർ കാര്യപരിപാടികൾ വിശദീകരിച്ചു. 5 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവരെ പങ്കെടുപ്പിച്ച് ലവകുശ, അയോദ്ധ്യാ, സീതാരാമ എന്നിങ്ങനെ ശ്രേണികളായി തിരിച്ച് രാമായണ പാരായണം, ചിത്രരചന, കവിതാ രചന, കവിതാ ആലാപനം, സമാജം പ്രാർത്ഥന, ഭക്തിഗാനം, ലളിതഗാനം, പ്രസംഗം തുടങ്ങി വിവിധ തരം മൽസരങ്ങളോടൊപ്പം രാമായണപരിചയം, രാമയണതത്വ വിചാരം തുടങ്ങിയവയും നടത്തുന്നതിന് തീരുമാനിച്ചു. ജൂലൈ 17 മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ആദ്യഘട്ടം ജില്ലാതല മൽസരങ്ങളും തുടർന്ന് ജില്ലിലെ മൽസര വിജയികളായ ഒന്നും - രണ്ടും സ്ഥാനക്കാരെ പങ്കെടുപ്പിച്ച് സംസ്ഥാന തലത്തിലും മൽസരങ്ങൾ നാത്തുന്നതിന് തീരുമാനിച്ചു. സംസ്ഥാന തല മൽസര വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതിനും ഒപ്പം എല്ലാ പങ്കാളികൾക്കും സർട്ടിഫിക്കറ്റുകൾ കൊടുക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന ജോയിൻ്റ് ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, സതീഷ് മഹാദേവൻ, ജയശ്രീ എന്നിവർ പ്രസംഗിച്ചു.14 ജില്ലകളിലും സ്വാഗത സംഘം രൂപീകരിയ്ക്കുന്നതിനും നിശ്ചയിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് (ചെയർമാൻ), ഡോ: ഷീലാ നായർ തിരുവനന്തപുരം (വൈസ് ചെയർ പേഴ്സൺ), ഇലന്തൂർ ഹരിദാസ് (ജനറൽ കൺവീനർ), കൺവീനറന്മാരായി കെ. പി. മാധവൻ മലപ്പുറം, എൻ. ജി. രവീന്ദ്രൻ സീതത്തോട്, അഡ്വ: ജയൻ ചെറുവള്ളിൽ, ജയശ്രീ കോഴഞ്ചേരി, ജലജാ പിള്ള തൃശൂർ, ശോഭന തൃപ്പൂണിത്തുറ, ഉഷ മരുതൂർ, വിജിന്ദ് രാമകൃഷ്ണൻ കാസർകോഡ്, മുരളി കോളങ്ങാട് (ഖജാൻജി) എന്നിവരുൾപ്പെട്ട 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ