എസ്എസ്എൽസി: മൂല്യനിർണ്ണയം കഴിഞ്ഞു, ഗ്രേസ് മാർക്കിൽ തീരുമാനമായില്ല
തിരു.: എസ്എസ്എൽസി മൂല്യനിർണ്ണയം അവസാനിച്ചു. ജൂൺ ഏഴിനാണ് മൂല്യ നിർണ്ണയം തുടങ്ങിയത്. സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായി പന്ത്രണ്ടായിരത്തോളം അദ്ധ്യാപകരാണ് മൂല്യനിർണ്ണയത്തിൽ പങ്കെടുത്തത്. ടാബുലേഷൻ തിങ്കളാഴ്ച തുടങ്ങിയേക്കും. കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചായിരിക്കും ടാബുലേഷൻ നടത്തുക. അതിനാൽ തന്നെ മുൻവർഷങ്ങളേക്കാൾ കൂടുതൽ സമയം എടുക്കാനുള്ള സാധ്യതയുണ്ട്.
ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് നൽകുന്ന ഗ്രേസ് മാർക്ക് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. അക്കാദമിക് രംഗത്ത് പാഠ്യവിഷയ, ഇതര പ്രകടനങ്ങളെ അടിസ്ഥാനമാക്കി നൽകുന്നതാണ് ഗ്രേസ് മാർക്ക്. കലോത്സവം, ശാസ്ത്രമേള, ഗണിതമേള തുടങ്ങിയവയിലെ പ്രകടനം എൻഎസ്എസ്, എൻസിസി, സ്റ്റുഡൻസ് പൊലീസ് പ്രവർത്തനം ഒക്കെ ഗ്രേസ് മാർക്കിന് അടിസ്ഥാനമാകും.
മുൻവർഷം ഏതെങ്കിലും മേഖലയിൽ മികവ് കാണിച്ചിട്ടുണ്ടെങ്കിൽ അതിനെ അടിസ്ഥാനമാക്കി ഗ്രേസ് മാർക്ക് നൽകാമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത്തവണ പരീക്ഷ ചോയ്സ് അടിസ്ഥാനത്തിൽ നടത്തിയതിനാൽ നടത്താത്ത പരിപാടികളുടെ പേരിലുള്ള ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന അഭിപ്രായവും ഉയർന്നു. ഇതോടെ ഈ വിഷയത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ടാബുലേഷൻ തുടങ്ങി അവസാനിക്കുന്നതിന് മുമ്പ് ഗ്രേസ് മാർക്ക് സംബന്ധിച്ച തീരുമാനം വന്നാൽ മതിയെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ഗ്രേസ് മാർക്ക് നൽകേണ്ട കുട്ടികളുടെ മാർക്കിൽ മാത്രം അത് ചേർത്താൽ മതിയാകുമെന്നും അതിനാൽ ടാബുലേഷൻ തുടങ്ങാൻ വൈകേണ്ടതില്ലെന്നുമാണ് അവർ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം.
ടാബുലേഷൻ കഴിഞ്ഞാൽ പരീക്ഷാബോർഡ് കൂടി ഫലപ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കും. അതിന് മുമ്പ് ഗ്രേസ് മാർക്ക് സംബന്ധിച്ച തീരുമാനം സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
إرسال تعليق