മുഖ്യമന്ത്രിയും ഇടതുപക്ഷവും കെപിസിസി പ്രസിഡൻറിനു കീഴടങ്ങി; പി.സി.തോമസ്.
കെപിസിസി പ്രസിഡൻറ് സുധാകരനെതിരെ ഒന്നു പറഞ്ഞാൽ പത്ത് തിരിച്ചു കിട്ടുമെന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, സി പി എമ്മും, ഇടതുപക്ഷവും, മുഖ്യമന്ത്രിയും, പൂർണ്ണമായി പിൻവാങ്ങുകയും കീഴടങ്ങുകയും ചെയ്തിരിക്കുകയാണെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
കോവിഡിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ വേണ്ടി നടത്തിയ പത്രസമ്മേളനത്തിൽ, ഒരു വലിയ ശതമാനം സമയവും സുധാകരനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ തയ്യാറായ മുഖ്യമന്ത്രിയ്ക്ക് പിറ്റേദിവസം തന്നെ വ്യക്തമായ തിരിച്ചടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായപ്പോൾ, ഈ പണി ലാഭകരമല്ല എന്നു വ്യക്തമായി. ഒരു പക്ഷേ ഇതുവരെ കേരളം അറിയാത്ത ഒരുപാട് കാര്യങ്ങൾ മുഖ്യമന്ത്രിയെപ്പറ്റി ജനങ്ങൾ മനസ്സിലാക്കും എന്നും, അങ്ങനെ വന്നാൽ തങ്ങൾ പാടെ തകർന്നു പോകുമെന്നും, മനസ്സിലാക്കിയ സിപിഎമ്മും ഇടതുപക്ഷവും എത്ര പെട്ടെന്നാണ് മുഖ്യമന്ത്രിയും സുധാകരനും തമ്മിലുണ്ടായ തർക്കം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചത്. ഇനി മറുപടിക്ക് തങ്ങൾ ഇല്ല എന്ന് (ഒരിക്കലും പറയാത്ത) അവർ തന്നെ പറഞ്ഞത്, 'കരണത്ത് കിട്ടിയ അടിയുടെ ചൂട് ' മനസ്സിലാക്കിയിട്ടു തന്നെയാണെന്ന് തോമസ് പറഞ്ഞു.
നീറുന്ന പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുവാൻ ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി, 'ചീഞ്ഞളിഞ്ഞ ആരോപണങ്ങൾ' എതിരാളികൾക്കെതിരെ ഇനിയും പറയുകയില്ല എന്ന് ആശ്വസിക്കാമെന്ന് തോമസ് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ