മദ്യക്കടത്ത് : ബെവ്കോ മാനേജർക്ക് സസ്പെൻഷൻ.
മുണ്ടക്കയം: ലോക് ഡൗണിൻ്റെ മറവിൽ മുണ്ടക്കയം ബീവറേജ് ഔട്ട്ലറ്റിൽ നിന്നും വിദേശമദ്യം കടത്തിയ സംഭവത്തിൽ മുഴുവൻ ജീവനക്കാർക്കുമെതിരെ ബെവ്കോ നടപടി സ്വീകരിച്ചു. ഷോപ്പ് ഇൻ ചാർജ് സൂരജ് സുരേന്ദ്രനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മദ്യം കടത്തലിൽ ആരോപണ വിധേയരായ താത്കാലിക ജീവനക്കാരായ ഡോൺ മാത്യു, ശിവജി, സനൽ എന്നിവരെ ജോലിയിൽ നിന്നും പിരിച്ചു വിടാനും ഷോപ്പ് അസിസ്റ്റൻ്റ് വിഷ്ണു അടക്കം മറ്റു രണ്ടു ജീവനക്കാരെയും സ്ഥലം മാറ്റാനുമാണ് കമ്പനി തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഔട്ട് ലറ്റിൻ്റെ പ്രവർത്തനം മുടങ്ങാതിരിക്കാൻ പുതിയ ജീവനക്കാർ ചുമതലയേൽക്കും വരെ സ്ഥലം മാറ്റിയവർ തന്നെ തുടരും.
ലോക് ഡൗൺ കാലത്ത് ഔട്ട്ലറ്റിൽ നിന്നും മദ്യം കടത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ജൂൺ ഒന്നിന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എ. സുൽഫിക്കറുടെ നിർദ്ദേശ പ്രകാരം ഔട്ട് ലറ്റ് പ്രാഥമിക പരിശോധന നടത്തി സീൽ വയ്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ 15 ന് ബെവ്കോ ഓഡിറ്റ് വിഭാഗം, എക്സൈസ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിൽ നൂറു കെയ്സ് മദ്യത്തിൻ്റെ കുറവു കണ്ടെത്തുകയായിരുന്നു. ഉദ്ദേശം എട്ടര ലക്ഷത്തോളം രൂപയുടെ കുറവാണ് കണ്ടെത്തിയത്. ഔട്ട് ലറ്റിലെ കുറവും വെയർ ഹൗസിലെ കണക്കുകളും തമ്മിൽ ഒത്തു നോക്കിയതിൽ ക്രമക്കേട് നടന്നതായി ബോദ്ധ്യപെട്ടതിനെ തുടർന്നാണ് നടപടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ