ഭരണഭാഷ: വാഗ്ദാനങ്ങള്‍ നിരവധി !; ഇംഗ്ലീഷ് ഉത്തരവുകള്‍ ദിവസേന ഇറങ്ങുന്നു.

ഭരണഭാഷ: വാഗ്ദാനങ്ങള്‍ നിരവധി !; ഇംഗ്ലീഷ് ഉത്തരവുകള്‍ ദിവസേന ഇറങ്ങുന്നു.
തിരു.: സാധാരണക്കാർ സാധനങ്ങൾ വാങ്ങുന്ന മാവേലി സ്റ്റോറിലെ ബില്ലുകൾ മലയാളത്തിലാക്കണമെന്ന് നിയമസഭയിലെ ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി ശുപാർശ ചെയ്തിട്ട് പത്തു വർഷത്തോളമായി. മലയാളത്തിനു വേണ്ടിയുള്ള ശുപാർശകൾ അനുസരിച്ചില്ലെങ്കിൽ ഒരു ചുക്കും വരാനില്ലെന്ന് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും അറിയാം. അതുകൊണ്ട്, മാവേലി സ്റ്റോറിലെ ബില്ലുകൾ ഇനിയും പൂർണ്ണമായും മലയാളത്തിലായിട്ടില്ല.
ഭാഷ മംഗ്ലീഷാണ്. മുളക് എന്ന് മലയാളത്തിൽ എഴുതുന്നതിനു പകരം അങ്ങനെ ഇംഗ്ലീഷിൽ എഴുതും. മാതൃഭാഷയോട് ഇത്രയൊക്കെ ഔദാര്യം പോരേ എന്നാണ് ചോദ്യം.
      2017 മേയ് ഒന്നു മുതൽ കേരളത്തിലെ എല്ലാ ഉത്തരവുകളും നിർബന്ധമായും മലയാളത്തിൽ ആയിരിക്കണമെന്ന് ഉത്തരവുണ്ട്. എന്നിട്ടും മെഡിസെപ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതുൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന എത്രയെത്ര ഇംഗ്ലീഷ് ഉത്തരവുകൾ ദിവസേന ഇറങ്ങുന്നു. ചട്ടം ലംഘിച്ച് ഇംഗ്ലീഷിൽ ഉത്തരവിറക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരേ നടപടി എടുക്കാം. അയ്യേ, ഇക്കാലത്ത് മലയാളത്തിൽ ഇറക്കാത്തതിന് ശിക്ഷിക്കുകയാണോ, അഭിനന്ദിക്കുകയല്ലേ വേണ്ടത് ? ഇതാണ് സമീപനം. മലയാളത്തിൽ ഫയലെഴുതിയതിന് ഉദ്യോഗസ്ഥരെ വിരട്ടിയ മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥരുള്ള നാടാണിത്.
കേരളത്തിലെ ഭരണഭാഷ മലയാളമാക്കാനുള്ള ശ്രമത്തിന് കേരളപ്പിറവിയോളം പഴക്കമുണ്ട്. ഔദ്യോഗികഭാഷ മലയാളമാക്കണമെന്ന് 1965 ഒക്ടോബർ ഒന്നിന് സർക്കാർ ഉത്തരവിറക്കി. ഏതാണ്ട് അരനൂറ്റാണ്ടു കാലം ഒന്നും നടന്നില്ല. അതിനാൽ 2012-ൽ‘ഭരണഭാഷ മാതൃഭാഷ’ എന്ന് മുദ്രാവാക്യം വിളിച്ച് ഭരണഭാഷാവർഷം ആചരിച്ചു. ആ മുദ്രാവാക്യത്തിൽ തന്നെ കല്ലുകടിച്ചു. ഭരണഭാഷ മാതൃഭാഷ എന്നല്ല, മാതൃഭാഷ ഭരണഭാഷ എന്നല്ലേ വേണ്ടതെന്ന ഭാഷാപ്രേമികളുടെ ചോദ്യം ശൂന്യതയിൽ ലയിച്ചു. ആ ഉത്തരവു കൊണ്ടും ലക്ഷ്യം കണ്ടില്ല.
       2017-ൽ വീണ്ടും മറ്റൊരു ഉത്തരവ്. ആ വർഷം മേയ് ഒന്നു മുതൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളിൽ ഔദ്യോഗികഭാഷ നിർബന്ധമായും മലയാളമാക്കി. ഇവിടങ്ങളിൽ നിന്നുള്ള ഉത്തരവുകളും സർക്കുലറുകളും കത്തുകളും മലയാളത്തിലായിരിക്കണം. കേന്ദ്രസർക്കാർ, അതിനു കീഴിലുള്ള സ്ഥാപനങ്ങൾ, ഹൈക്കോടതി, സുപ്രീം കോടതി, ഇതരസംസ്ഥാനങ്ങൾ, മറ്റു രാജ്യങ്ങൾ എന്നിവയെയും ഭാഷാന്യൂനപക്ഷങ്ങളെയും ബാധിക്കുന്ന കത്തിടപാടുകൾക്ക് ഇംഗ്ലീഷാകാം. ഇംഗ്ളീഷ് ഉപയോഗിക്കണമെന്ന് നിയമത്തിൽ പ്രത്യേകം പറയുന്നവയ്ക്കും അതാകാം. എന്നാൽ, ഇവയുടെ കുറിപ്പ് ഫയലുകളെല്ലാം മലയാളത്തിൽ ആയിരിക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം.‘ഭരണഭാഷാ പ്രഖ്യാപനം’എന്നാണ് ഈ ഉത്തരവിനെ വിശേഷിപ്പിച്ചത്.
കൊല്ലം നാലു കഴിഞ്ഞു. ഭരണഭാഷാ പ്രഖ്യാപനം നിലവിലുള്ളതിനാൽ കേരളത്തിലെ എല്ലാ സ്ഥാപനങ്ങളിലും ഇപ്പോൾ മലയാളമാണ് ഭരണഭാഷ. എന്നാൽ, അനുഭവം അതല്ല. സാധാരണക്കാരുടെ സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള നോട്ടീസു പോലും ഇപ്പോഴും ഇംഗ്ലീഷിൽ ഇറങ്ങുന്നു. നോട്ടീസിലെന്താണെന്ന് മനസ്സിലാക്കാൻ ജനം നെട്ടോട്ടമോടുന്നു. മലയാളത്തിനു വേണ്ടിയാണ് ഉത്തരവ് എങ്കിൽ അത് ഏട്ടിലെ പശുവാകുമെന്ന് ഉറപ്പ്. അതിന് ഭരണനേതൃത്വം ഉദ്യോഗസ്ഥരെയാണ് പഴിക്കുന്നത്. പക്ഷേ, നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാരിനുമില്ല.

Post a Comment

വളരെ പുതിയ വളരെ പഴയ