മലപ്പുറത്തും ഒമിക്രോണ്‍ ബാധ, രോഗി മഞ്ചേരി മെഡിക്കല്‍ കോളേജില്‍.
മലപ്പുറം: കേരളത്തില്‍ വീണ്ടും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. മലപ്പുറത്തെത്തിയ 36 കാരനായ മംഗളൂരു സ്വദേശിയിലാണ് വൈറസ് കണ്ടെത്തിയത്.
ഈ മാസം 14ന് ഒമാനില്‍ നിന്നുമാണ് ഇയാള്‍ ഇന്ത്യയിൽ എത്തിയത്. വിമാനത്താവളത്തില്‍ വച്ച് എടുത്ത ഇയാളുടെ സാംപിളുകളുടെ പരിശോധന റിപ്പോര്‍ട്ട് ഇന്നാണ് ലഭിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ ഒമാനില്‍ നിന്നുമെത്തിയത്. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഇയാള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രോട്ടോക്കോളിന്റെ ഭാഗമായി നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ അതിവേഗം പകരുകയാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. യു കെയിലെയും ഫ്രാന്‍സിലെയും വ്യാപനത്തോത് അനുസരിച്ച് ഇന്ത്യയില്‍ പ്രതിദിനം ലക്ഷക്കണക്കിന് കേസുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. യുകെയിലെ വ്യാപനത്തോത് പ്രകാരം ഇന്ത്യയിലും സമാനമായ വ്യാപനമുണ്ടാവുകയാണെങ്കില്‍ ജനസംഖ്യയനുസരിച്ച് പ്രതിദിനം പതിനാല് ലക്ഷം വരെ കേസുകള്‍ ഉണ്ടായേക്കാമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വി. കെ. പോള്‍ വ്യക്തമാക്കി. ഫ്രാന്‍സില്‍ 65,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഈ തോത് വച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ പ്രതിദിനം പതിമൂന്ന് ലക്ഷം വരെ കേസുകള്‍ ഉണ്ടാകാമെന്നും വി. കെ. പോള്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ