ഡെലിവറി ബോയ് ചമഞ്ഞ് വീട് കയറി മാല പിടിച്ചുപറി.
കാഞ്ഞിരപ്പള്ളി: പട്ടാപ്പകൽ ഡെലിവറി ബോയ് ചമഞ്ഞ് വീട്ടിൽ കയറി യുവതിയെ അടിച്ചു വീഴ്ത്തി മാല കവർന്നു. കാഞ്ഞിരപ്പള്ളിക്ക് കൂവപ്പള്ളിയിലാണ് സംഭവം. ആലമ്പരപ്പ് കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊർമിള (23) ആണ് ആക്രമണത്തിനിരയായത്. കള്ളന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ന് രാവിലെ 11 ഓടെയാണ് സംഭവമുണ്ടായത്. യുവതിയും നാലും രണ്ടും വയസുള്ള കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്ലിപ്കാർട്ടിൽ നിന്നും ഡെലിവറിയുമായി എത്തിയയാൾ എന്ന വ്യാജേനയാണ് കള്ളനെത്തിയത്. ഫ്ലിപ്കാർട്ടിൽ സാധനം ഓർഡർ ചെയ്തിരുന്നതിനാലും ഡെലിവറി ബോയ്സിന്റെ തോളിൽ കാണുന്ന ബാഗുണ്ടായിരുന്നതിനാലും യുവതിക്ക് സംശയം തോന്നിയില്ല. മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ യുവതി തടയാൻ നോക്കി. പിന്നാലെ യുവതിയെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപെടുകയായിരുന്നു. രണ്ടു പേരാണ് എത്തിയതെന്ന് പിന്നീട് യുവതി പോലീസിന് മൊഴി നൽകി. കള്ളന്റെ പിന്നാലെ ഓടിയപ്പോൾ റോഡിൽ മറ്റൊരാൾ ബൈക്കിൽ കാത്തു നിൽപ്പുണ്ടായിരുന്നതും യുവതി കണ്ടു. ഈ ബൈക്കിന്റെ പിന്നിൽ കയറിയാണ് മാല പൊട്ടിച്ചയാൾ കടന്നുകളഞ്ഞത്. മാസ്കും ഫേസ് ഷീൽഡും ധരിച്ചാണ് വീട്ടിൽ കയറിയയാൾ എത്തിയത്. അതിനാൾ കള്ളന്റെ മുഖം വ്യക്തമായില്ല. കഴുത്തിൽ നിന്നും നഷ്ടമായ ആഭരണം മുക്കുപണ്ടമാണെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്ത് സമാനരീതിയിൽ മുൻപും സംഭവമുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കോവിഡ് കാലമായതോടെ, തൊട്ടടുത്തുള്ള കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാതെ, ചെറിയ സാമ്പത്തിക ലാഭം കൂടി പ്രതീക്ഷിച്ച് നിരവധി പേരാണ് ഓൺലൈനിൽ ഭക്ഷണ സാധനമുൾപ്പടെ ഓർഡർ ചെയ്ത് വാങ്ങുന്നത്. ഇത്തരം പതിവ് ആളുകളിൽ കൂടുതലായതോടെ പല നാട്ടിൻ പ്രദേശങ്ങളിലും അപരിചിതരായവർ ബൈക്കുകളിൽ കറങ്ങി നടക്കുന്നത് പതിവാണ്. മുമ്പ് നാട്ടിൻപുറത്ത് അപരിചിതരായവരെ കണ്ടെത്തിയാൽ സാമൂഹ്യ പ്രവർത്തകരും മറ്റും അവരോട് വിവരങ്ങൾ തിരക്കുമായിരുന്നു. എന്നാൽ ഇന്ന് ഡെലിവറി ബോയ്മാർ സാധാരണമായതിനാൽ, അത്തരം ഇടപെടലുകൾ ഉണ്ടാകാത്തതും മോഷ്ടാക്കൾക്ക് പ്രചോദനമാകുന്നുണ്ട്. വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരും സ്ത്രീകളും മറ്റും, ഇത്തരം സേവനങ്ങൾ സ്വീകരിക്കുമ്പോൾ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതാണ്.
إرسال تعليق